വളർത്തുന്നുണ്ട് ചുണ്ടിൽ
ഉമ്മയെന്ന് പേരിട്ടൊരു
ബലി മൃഗത്തെ.
മുലക്കച്ചത്തടവിൽ
നിർത്താതെ ചുരത്തുന്നു
വായില്ലാ പശുക്കൾ.
അടിവസ്ത്രച്ചൂടിൽ,
അശ്ലീലം ഭയന്നൊരു
അകാല വാർദ്ധക്യം.
ഗ്രീഷ്മമിറ്റിച്ചിട്ട
ചുവന്ന പൂക്കളിൽ
അയിത്തം കറുക്കുമ്പോൾ,
നാപ്കിൻ
പാഡുകൾ
ജലമൂറ്റുന്ന കോർപ്പറേറ്റെന്നും
തീണ്ടാരിത്തുണി ചുരുട്ടി
സമരാദർശം പുലമ്പരത്.
ഒരു നുള്ള് ചോരയാൽ
അശുദ്ധി കൊത്തിയ
വാതിലാരുടേതാണ്.
പ്രണയമെന്ന് പേരിട്ട്
നീ എയ്യുന്ന നുണകൾ
കണ്ണിൽ തറയ്ക്കുന്നു.
ഒന്നാം ലിംഗമെന്നാവേശം
ഒരോർമ്മത്തെറ്റാണ്.
എന്റെ അരക്കെട്ട്
താങ്ങി നിൽക്കുന്നുണ്ട്
ആണത്തം ചുരുണ്ടുകൂടുന്ന
ഒരു കംഗാരു സഞ്ചി.
നീ എന്റെയൊരു
അടയാളം മാത്രമാണ്!