വിശപ്പ് ഒരു രാഷ്ട്രമാണ്
ഭൂഖണ്ഡങ്ങളോളും
പരന്നുകിടക്കുമത്.
ചേരികൾ വിശപ്പിൻറെ
ദ്വീപുകളെന്ന്
പറഞ്ഞു കൊണ്ട്
നഗരത്തിലെ
ഷോപ്പിങ്ങ് മാളിൽ നിന്നും
ഇറങ്ങുമ്പോൾ
ചുളുങ്ങിയ
രണ്ടു കൂപ്പ് കൈകൾ
എന്നെത്തേടി
വരുന്നു.
വിശപ്പിൻറെ ആഗോള
വ്യാപനത്തിൻറെ
പരിഹാര സെമിനാറിൽ ഹാളിൽ
ഫ്രൈഡ് ചിക്കൻറെ
നഗ്ന തുടകൾ നിരന്നിരിക്കുന്നു.
വിശപ്പിൻറെ നിറമെന്താണെന്ന്
ചോദിക്കുന്നവരോട്
വിശപ്പിനാൽ ചുവന്ന
പോയ
തെരുവിലെ പെണ്ണ്
കറുപ്പ് നിറമെന്നുത്തരം പറയും.
വയറ്റിൽ വിശപ്പിൻറെ
അണുവിസ്ഫോടനം
നടക്കുമ്പോൾ
പുക്കിളിനുതാഴെ
അടിപ്പാവാടയുടെ ചരട്
വല്ലാതെ മുറുകുമ്പോള്
ബീജവാഹകനുമുമ്പിൽ
മാനം
പണയം വെക്കുമ്പോൾ
വിശപ്പിന്
ചുവപ്പ് നിറമെന്ന് വരച്ചിടാം.
വിശപ്പിനുമാത്രമായി
ഒരു ഭാഷ രൂപം
കൊള്ളുന്നിടത്ത്
ദാരിദ്ര്യത്തിൻറെ വ്യാകരണം
വിശപ്പിൻറെ രാഷ്ടീയത്തെ
നിർമ്മിക്കുന്നു.
വയനാടെന്നോ,
സിറിയയെന്നോ,
നൈജീരിയയെന്നോ
വ്യത്യസ്ഥപ്പെടാതെ
വിശപ്പ് ഒരു ആഗോള
ഗ്രാമമാകുന്നു.
വിശന്നിട്ട്
ചെരുപ്പ് തിന്നവനെ
കല്ലെറിഞ്ഞ
കവി
തെരുവിൽ വിശപ്പിൻറെ
ദേവനാകുന്നു
മതവും, ജാതിയും, നിറവും,
ലിംഗവ്യത്യാസവുമില്ലാതെ
അടിവയറ്റിൽ നിന്നും
ഒരു കത്തൽ
ഉടലിലേക്കൊരു
ഭൂപടം വരച്ചിടും....
പകരം വെക്കാനൊന്നുമില്ലാത്ത
അതിനെ നാം മറ്റെന്തു
പേരു വിളിക്കും.
1 comment:
വിശപ്പ് , അതിരുകളില്ലാത്ത, അതിർത്തികൾ വേണ്ടാത്ത , ഒരു വൻ രാഷ്ട്രമാണ് ... !
Post a Comment