Saturday, September 26, 2015

പൊരുത്തം














ആമുഖമില്ലാത്തൊരു
പുസ്തകമാണു ഞാൻ
വെട്ടിത്തിരുത്തലും
കൂട്ടിച്ചേർക്കലും
നിരന്തരം നടക്കുന്നവ.
ദാമ്പത്യം
ഇരുപത്തിയഞ്ചാമത്തെ
അധ്യായമാണ്.
...............................................
കിടക്കയിൽ
അദൃശ്യമായൊരു മതിലുണ്ട്
ഉറക്കത്തിന്റെ
മൂന്നാമത്തെ വളവിൽ
എന്നിലേയ്ക്കവൻ
ഒളിച്ചുകടക്കും.
നിശാവസ്ത്രത്തിൻറെ
ബട്ടണുകൾ
ഒരു ജാരൻറെ  സൂക്ഷ്മതയോടെ
അവനഴിക്കും
ഉറങ്ങുന്ന മാറിടങ്ങളെ മാത്രം
കുലുക്കിവിളിക്കും
ഇരുട്ടിൽ  കാണാതെ പോയ
എന്തൊക്കെയോ തേടും
ഉറക്കച്ചടവിൽ
എന്നിലെ തടാകത്തിൽ
കുളിച്ച് തോർത്തി
വെളുക്കുംമുമ്പ്
അവനതിർത്തി  കടക്കും.
................................................
അടുക്കളയിൽ  സ്വയം
ഇരുപത്താറാം അധ്യായമാകും ഞാൻ
ആമുഖമില്ലെങ്കിലും
അടയാളങ്ങൾ  ബാക്കിവെക്കുന്നീ പുസ്തകം.


9 comments:

Sunnikuttan said...

ബന്ധനങ്ങളറ്റുപോകുന്ന ജീവിത യാഥാര്‍ത്ഥ്യത്തിലെ പൊരുത്തക്കേട് സംഭവിക്കുന്ന അവസാനത്തെ പൊരുത്തം ഈ മൂന്നാം യാമത്തിലെതാണു.

Shaheem Ayikar said...

പാതി തുറന്നൊരു പുസ്തകത്തിലെ, പാതി എഴുതിയ രണ്ടു അദ്ധ്യായങ്ങൾ.. ! എന്റെ ആശംസകൾ.

വനിത വിനോദ് said...

Thanks Sunni and Shaheem...:-)

വിനോദ് കുട്ടത്ത് said...

ആഹാ.... ഈ പേര് പരിചിതമാണ് പക്ഷേ എവിടെ എന്നു കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല.... ഒരുപാട് ആലോചിച്ചു ...പ്രൊഫൈല്‍ നോക്കിയപ്പോള്‍ പിടികിട്ടി.....
ഗള്‍ഫ് വിട്ടു....
കവിത നന്നായി ...... ഇഷ്ടപ്പെട്ടു ....ആശംസകൾ......

Bipin said...

അതെ അദ്ധ്യായങ്ങൾ തന്നെ വീണ്ടും വീണ്ടും വായിക്കാൻ വിധിക്കപ്പെട്ട ജീവിതങ്ങൾ. അത് നന്നായി കവിതയിൽ ആക്കി.

വനിത വിനോദ് said...

സന്തോഷം വിനോദ് കുട്ടത്ത്. എങ്ങിനെയാണ് നമ്മള് പരിചയം, എനിക്കും അത്ര പിടികിട്ടിയില്ലാട്ടോ. ഗള്ഫ് വിട്ടത് ഞാനോ വിനോദോ....ഒന്നും പിടികിട്ടിയില്ലാലോ. ഞാന് ദുബായ് തന്നെ. പിന്നെ നല്ല കമന്‌റിന് നന്ദി.

Bipin...Thank you so much...

മുബാറക്ക് വാഴക്കാട് said...

ബന്ധനമായി മാറുന്ന ഒരുപാട് ബന്ധങ്ങള്‍..
സുന്ദരമായി അവതരിപ്പിച്ചു..

വിനുവേട്ടന്‍ said...

വീണ്ടും എഴുതിത്തുടങ്ങി അല്ലേ? ഇതിനി നിർത്തണ്ട... തുടരട്ടെ...

വനിത വിനോദ് said...

അതെ വിനുവേട്ടാ. വീണ്ടും എഴുതണമെന്ന് കരുതുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. പോസ്റ്റുകള് വായിക്കുക. തിരിച്ചും ഓരോരുത്തരുടെ പോസ്റ്റുകളിലേയ്ക്കും ഞാനും അഭിപ്രായങ്ങളുമായി എത്തുന്നുണ്ട്. പൂര്ണ്ണമായി ഒരിടത്ത് നില്ക്കാന് സാധിക്കാത്ത ഒരു മാനസിക അവസ്ഥയിലാണ് ഇപ്പോള്. തിരക്കിട്ട ഓട്ടത്തിലാണ്.

മുബാറക്ക് വാഴക്കാട്, വളരെ നന്ദി അഭിപ്രായത്തിന്.