Monday, December 28, 2015

പ്രാണൻ

എന്‌റെ കണ്ണീരുകൊണ്ട്
നിന്‌റെ കാൽ കഴുകുമൊരുനാൾ
ഒരു യവനശിൽപം പോൽ
നീയരുകിൽ  നിൽക്കുമ്പോൾ

നഗ്നമായ ഉടലുകളിലെ
സത്യമായ സ്ത്രീയും
പുരുഷനും മാത്രം
പ്രണയിക്കപ്പെടട്ടെ

Tuesday, November 17, 2015

അവൾ














പ്രണയങ്ങളുടെ മർമ്മരങ്ങളും
വ്യഥകളുടെ
വിട്ടകലാത്ത നിഴലുകളും
മുളപൊട്ടുന്ന
ഏകാന്തതയാണവൾ
കൂടെ നിൽക്കാൻ
കണ്ടുകൊണ്ടിരിക്കാൻ
സ്നേഹിക്കാൻ  സ്നേഹിക്കപ്പെടാൻ
ഉയിരിൽ നിന്നുമുള്ള
അഗാധമായ വാഞ്ഛയുള്ളവൾ
കാമത്തെ ആവാഹിക്കാനവൾക്കിഷ്ടം
പ്രണയം രതിയിലേയ്ക്ക്
വഴിമാറുന്നിടത്തുവെച്ച്
അവളിലെ അവൾ  ഉണരും.
സ്നേഹമില്ലാത്ത കാമം അവൾ  വെറുക്കും.
തൃഷ്ണ അവൾക്കൊരു
തടാകം പോലെയാണ്.
ഓളങ്ങളിൽ  അലയടിച്ച് തോണി പോലെ
അവളിലെ വികാരം
അണച്ചുകൊണ്ടേയിരിക്കും.
ഓളങ്ങൾ  ശാന്തമായി
നിശ്ചലമായൊരു തടാകം പോലെ അവൾ.
ചെറിയൊരു കാറ്റുവീശിയാൽ,
ഒരു മഴത്തുള്ളി നെറുകയിൽ  പതിച്ചാൽ,
ചിലനേരം ഒറ്റക്കിരുന്നാൽ,
ഒരു പൂവു ചൂടിയാൽ,
ഇടവഴിയിലൂടെയല്പ്പം നടന്നാൽ,
ഒരു പ്രിയമിത്രത്തെ കണ്ടാൽ,
അവൾ  പ്രകൃതിയാകും.
ഒന്നിനോടൊന്ന് ചേർന്ന്
കിടക്കുന്ന പ്രകൃതി.

Friday, November 13, 2015

ആരാധന

ആഴിപോൽ  കിടക്കുന്നു
എനിക്ക് നിന്നോടുള്ള ആരാധന
നിന്‌റെ വാത്സല്യം
ആഴിയും ലയിപ്പിക്കും
ഹൃദയഭാരം ബാക്കിവെച്ച്...

ഗുൽമോഹർ പൂക്കുമ്പോൾ

ഗുൽമോഹർ  പൂക്കുകയാണ്
കത്തിക്കാളുന്ന വേനലിൽ കുളിർമ്മയായ്
ഗുൽമോഹർ  പൂക്കുകയാണ്
നിന്‌റെ വിളിയൊച്ചകളിൽ
ചോരതൂവുന്ന പാതികൂമ്പിയ
കണ്‍പീലികളിൽ
എന്‌റെ മോഹങ്ങൾ  കോർത്ത്
ഗുൽമോഹർ  പൂക്കുകയാണ്
വാക്കുകൾകൊണ്ട്
മുറിവേൽക്കാതിരിക്കാൻ
മൗനം കൊണ്ട്
പൊതിഞ്ഞു വെയ്ക്കട്ടെ
മോഹങ്ങളത്രയും

രതി

നാഭിയിൽ  നിന്നും
പൊക്കിൾ ചുഴിയിലൂടെ
ഹൃദയഭിത്തിയിലേയ്‌ക്കൊരു
പ്രണയപ്രവാഹത്തിലൊരിക്കൽ
ഇടം ചെവിക്കുടയ്ക്കു
പിറകിലെ കറുത്തമറുക്
ഒരായിരമായിരമാവർത്തി
അമർത്തി ചുംബിച്ച
പാതിരാ നേരങ്ങള്‍...

Wednesday, November 11, 2015

വിശപ്പിൻറെ ഭൂപടം

വിശപ്പ് ഒരു രാഷ്ട്രമാണ്
ഭൂഖണ്ഡങ്ങളോളും പരന്നുകിടക്കുമത്.
ചേരികൾ  വിശപ്പിൻറെ
ദ്വീപുകളെന്ന് പറഞ്ഞു കൊണ്ട്
നഗരത്തിലെ ഷോപ്പിങ്ങ് മാളിൽ  നിന്നും
ഇറങ്ങുമ്പോൾ 
ചുളുങ്ങിയ രണ്ടു കൂപ്പ് കൈകൾ 
എന്നെത്തേടി വരുന്നു.
വിശപ്പിൻറെ  ആഗോള വ്യാപനത്തിൻറെ 
പരിഹാര സെമിനാറിൽ  ഹാളിൽ 
ഫ്രൈഡ്‌  ചിക്കൻറെ 
നഗ്ന തുടകൾ  നിരന്നിരിക്കുന്നു.
വിശപ്പിൻറെ  നിറമെന്താണെന്ന് 
ചോദിക്കുന്നവരോട്
വിശപ്പിനാൽ  ചുവന്ന പോയ 
തെരുവിലെ പെണ്ണ്
കറുപ്പ് നിറമെന്നുത്തരം പറയും.
വയറ്റിൽ  വിശപ്പിൻറെ
അണുവിസ്ഫോടനം നടക്കുമ്പോൾ
പുക്കിളിനുതാഴെ 
അടിപ്പാവാടയുടെ ചരട്
വല്ലാതെ മുറുകുമ്പോള്
ബീജവാഹകനുമുമ്പിൽ  
മാനം പണയം വെക്കുമ്പോൾ 
വിശപ്പിന് 
ചുവപ്പ് നിറമെന്ന് വരച്ചിടാം.
വിശപ്പിനുമാത്രമായി 
ഒരു ഭാഷ രൂപം കൊള്ളുന്നിടത്ത്
ദാരിദ്ര്യത്തിൻറെ  വ്യാകരണം
വിശപ്പിൻറെ  രാഷ്ടീയത്തെ നിർമ്മിക്കുന്നു.
വയനാടെന്നോ, സിറിയയെന്നോ,
നൈജീരിയയെന്നോ വ്യത്യസ്ഥപ്പെടാതെ
വിശപ്പ് ഒരു ആഗോള ഗ്രാമമാകുന്നു.
വിശന്നിട്ട് ചെരുപ്പ് തിന്നവനെ
കല്ലെറിഞ്ഞ കവി
തെരുവിൽ  വിശപ്പിൻറെ ദേവനാകുന്നു
മതവും, ജാതിയും, നിറവും,
ലിംഗവ്യത്യാസവുമില്ലാതെ
അടിവയറ്റിൽ  നിന്നും ഒരു കത്തൽ 
ഉടലിലേക്കൊരു ഭൂപടം വരച്ചിടും....
പകരം വെക്കാനൊന്നുമില്ലാത്ത
അതിനെ നാം മറ്റെന്തു പേരു വിളിക്കും.  


Sunday, November 8, 2015

വേനൽ മഴ













ഓർമ്മകൾ
ജനാലയാണെന്ന്
നിനച്ചിരിക്കുമ്പോഴാണ്
എന്നിലേക്ക് പെയ്യുന്നത്.
ജനലിൽ  വിരിച്ചിട്ട കർട്ടനിൽ 
ഒരു കാറ്റൊളിച്ചിരിപ്പുണ്ടോ
എന്നറിയാൻ  മാത്രം തുറക്കുന്ന
ഓരോ രാത്രിയിലും
കടലുകടന്നൊരു കാലം കയറിവരും
അമ്മയുടെ കണ്ണീരിൽ 
പൊതിഞ്ഞൊരുള ചോറ്,
വിറകൈയാൽ 
അച്ഛൻറെ  ചുംബനം...
പാടം മുറിച്ചു കടക്കുമ്പോൾ 
പാവാട നനയ്ക്കാൻ 
പെയ്യുന്നൊരു ചാറ്റൽ 
നിൻറെ  വിയർപ്പിൻ  കണംപോലെ
പുതുമണ്ണിൻ  മണമെന്നെ
മത്തുപിടിപ്പിക്കും.
ഉണങ്ങിയ മണ്ണിലേക്കും,
ഒഴുക്ക് നിലച്ച
ഉറവക്കണ്ണിയിലേക്കും,
വരണ്ട മനസ്സിലേക്കുമാണ്
ഇടക്കിടെ
ഓർമ്മത്തെറ്റുകൾ  പോലെ
പെയ്തൊഴിയുന്നത്.

(രിസാല സ്റ്റഡി സർക്കിൾ അബുദാബി
 പുരസ്‌ക്കാരത്തിന് അർഹമായ കവിത)





Sunday, October 25, 2015

വാക്കുകൾകൊണ്ട്
മുറിവേൽക്കാതിരിക്കാൻ
മൗനം കൊണ്ട്
പൊതിഞ്ഞു വെയ്ക്കട്ടെ

പ്രിയപ്പെട്ട...

കുറെനാൾ കൂടെയുണ്ടായിരുന്നു
സ്വപ്നങ്ങളുടെ മഴ നനഞ്ഞ്
എത്രയോ രാത്രികൾ
എത്രയോ യാത്രകൾ
എത്രയോ മൗനങ്ങൾ
നമുക്ക് വേണ്ടി കാലത്തിൻറെ
എത്രയോ കാത്തിരിപ്പുകൾ
ഓരോ പ്രഭാതവും
നമുക്ക് വേണ്ടി ജീവിച്ചും
ഓരോ ഉറക്കവും
നമുക്ക് വേണ്ടി തീർത്തും
ഓരോ സ്വപ്നവും
നമുക്ക് വേണ്ടി നെയ്തും
നിൻറെ  ശക്തമായ കരങ്ങൾക്കപ്പുറം
മറ്റൊരു കരമില്ലെന്നുറപ്പിച്ചും
നിൻറെ കരുത്താർന്ന നെഞ്ചിനപ്പുറം
മറ്റൊന്നില്ലെന്നു ഹൃദയമിടിച്ചും
നിന്നിലുമപ്പുറം
മറ്റൊരു ലോകമോ
മറ്റൊരു സന്തോഷമോ
ഇല്ലെന്നുറപ്പിച്ചും
അത്രമേൽ  തീവ്രതതന്ന
മറ്റൊരു നിമിഷം
ഇല്ലെന്നിരിക്കെ
ജീവിതത്തിൽ മറക്കില്ലൊരിക്കലും


Wednesday, October 21, 2015

തീകാറ്റ്‌

ചുട്ടുതിന്നവരുടെ നിയമാവലി
ചീന്തിയെറിയപ്പെടട്ടെ
മൃഗങ്ങള്ക്കുമാത്രം
നീതിയും ആരാധനയുമെങ്കില്  
മുന്നോട്ടുപോക്കേറെ ദുഷ്‌കരം
ജാതിമതരാഷ്ട്രീയം ലൈംഗികത
മരണച്ചോരയൊലിക്കും പുഴ
മനുഷ്യന്  മരണത്തെ
വരച്ചുകൊണ്ടേയിരിക്കുന്നു.

(2015 ഷാര്ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില് ബുക്കിഷ് പ്രസിദ്ധീകരിച്ച കവിത)





Saturday, September 26, 2015

പൊരുത്തം














ആമുഖമില്ലാത്തൊരു
പുസ്തകമാണു ഞാൻ
വെട്ടിത്തിരുത്തലും
കൂട്ടിച്ചേർക്കലും
നിരന്തരം നടക്കുന്നവ.
ദാമ്പത്യം
ഇരുപത്തിയഞ്ചാമത്തെ
അധ്യായമാണ്.
...............................................
കിടക്കയിൽ
അദൃശ്യമായൊരു മതിലുണ്ട്
ഉറക്കത്തിന്റെ
മൂന്നാമത്തെ വളവിൽ
എന്നിലേയ്ക്കവൻ
ഒളിച്ചുകടക്കും.
നിശാവസ്ത്രത്തിൻറെ
ബട്ടണുകൾ
ഒരു ജാരൻറെ  സൂക്ഷ്മതയോടെ
അവനഴിക്കും
ഉറങ്ങുന്ന മാറിടങ്ങളെ മാത്രം
കുലുക്കിവിളിക്കും
ഇരുട്ടിൽ  കാണാതെ പോയ
എന്തൊക്കെയോ തേടും
ഉറക്കച്ചടവിൽ
എന്നിലെ തടാകത്തിൽ
കുളിച്ച് തോർത്തി
വെളുക്കുംമുമ്പ്
അവനതിർത്തി  കടക്കും.
................................................
അടുക്കളയിൽ  സ്വയം
ഇരുപത്താറാം അധ്യായമാകും ഞാൻ
ആമുഖമില്ലെങ്കിലും
അടയാളങ്ങൾ  ബാക്കിവെക്കുന്നീ പുസ്തകം.


സുഷുപ്തി

ഉറക്കത്തിൻറെ
ആഴങ്ങളിൽ
എന്നെയവൻ
തിരിച്ചറിയണമെന്നില്ല.
ഇണചേരലിനുമപ്പുറം,
വെറുമൊരുതൊട്ടുരുമ്മൽ  മാത്രംമതി
എനിക്കുമൊന്ന്
ഉറക്കത്തിൻറെ
ആഴങ്ങളിലേയ്ക്ക്
ഊളിയിട്ടിറങ്ങാൻ...

വേഗതയുടെ ഭൂപടം

ആകാശത്തിലേയ്ക്ക് വളരുന്ന
കോണ്‍ക്രീറ്റ്  മരങ്ങളെ
വകഞ്ഞുമാറ്റി
വേഗതയുടെ നീളൻ  വഴികൾ.
കുതിരശക്തികൾ  പേറുന്ന
യന്ത്രഹൃദയങ്ങൾ...
കണക്കു കൂട്ടലുകളിൽ
കുടുങ്ങിപോകുന്ന ഉടലുകൾ...
നഗരം
വേഗതയുടെ ഭൂപടം
നിർമ്മിച്ചുകൊണ്ടേയിരിക്കുന്നു.

Thursday, September 24, 2015

പാല്‍മിറ

ഒരു നീണ്ട കത്തെഴുതുന്നു.
ചില സാക്ഷ്യപ്പെടുത്തലുകള്.
....................................................
വിവാഹിതയായ സ്ത്രീ മറ്റൊരാളെ കാമിക്കുന്നത് അവിഹിതമെന്നതുകൊണ്ട് സ്വപ്നത്തില് ഞാനൊരു കാമുകനെ സൃഷ്ടിക്കുന്നു. അവകാശികള് തേടിവരാത്ത എന്റേതുമാത്രമായ കാമുകനെ. ഞാന് ജീവിച്ചിരുന്നു എന്നതിന് ചില അടയാളപ്പെടുത്തലുകള് ആവശ്യമായതിനാല് എന്നെ ഞാനായി അംഗീകരിക്കാന് ഞാന് കണ്ടെത്തിയ വഴി.

ഇണയോടല്ലാതെ മറ്റൊരാളോട് സാക്ഷ്യപ്പെടുത്തുന്ന യാഥാര്ത്ഥ്യങ്ങളാണ് ശരിക്കും സത്യം, എന്നതുകൊണ്ട് തന്നെ സ്വപ്നത്തിലെ കാമുകനെ ഞാന് ഗാഢമായി പ്രേമിക്കുന്നുകാണുന്ന കാഴ്ച്ചകള്ക്കും പുഞ്ചിരിക്കുമപ്പുറം ഒരു സ്ത്രീയ്ക്ക് ഒളിക്കാന് കഴിയുന്ന ഒരുപാടൊരുപാട് രഹസ്യങ്ങളുണ്ട്. അതുകൊണ്ട്, എനിക്ക് നിന്നോട് ഏറെകാര്യങ്ങള് സംസാരിക്കാനുണ്ട്. നിറമാര്ന്ന പ്രണയത്തിനുമപ്പുറം നീ കാണാതെ മറച്ചുവെച്ച ചില വെളിപ്പെടുത്തലുകളുണ്ട്.

മഴവില്ലുപോലെ തെളിവാര്ന്ന പ്രണയത്തിന് ഏഴ് നിറങ്ങള്ക്കുമപ്പുറം മറ്റൊരു നിറച്ചാര്ത്തു പകരുവാന് ഞാന് ആഗ്രഹിക്കുന്നു. ഇനിയും വൈകരുതെന്ന് മനസ്സ് പറയുന്നു. കാരണം, സംഘര്ഷത്തിന്റെ അനന്തസമുദ്രമാണ് മുന്നിലുള്ളത്. മനോനില നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാം ഇവിടെ സാക്ഷ്യപ്പെടുത്തുന്നുവെന്നുവെച്ച് നീയായിരിക്കില്ല എന്റെ മരണത്തിന് ഉത്തരവാദി. അത് ഞാന് മാത്രമായിരിക്കും. അവകാശമെങ്കിലും എനിക്ക് സ്വന്തമായിരിക്കട്ടെ.

എന്റെമേല് ആധിപത്യം സ്ഥാപിക്കുന്ന ആരെയും ഞാന് ഇഷ്ടപ്പെടുന്നില്ല, അത് സ്നേഹം കൊണ്ടുള്ള ആധിപത്യം ആണെങ്കിലും. സ്വതന്ത്രമായി ജീവിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഞാനൊരു ഫെമിനിസ്റ്റല്ലെങ്കില് കൂടിയും. എന്നാല് അതിനുള്ള സ്വത്തോ പണമോ എന്റെ കയ്യില് ഇല്ലെങ്കില് തന്നെയും.
സ്നേഹവും പ്രണയവുമെല്ലാം പെട്ടെന്നെനിക്ക് മടുക്കും. എല്ലാറ്റിനും മടുപ്പിന്റെ ഗന്ധമാണ്. എന്നാല് എല്ലാവരിലുമുള്ള ലൈംഗികചിന്തകള് എന്നിലുമുണ്ടുതാനും. ആളികത്തി ശമിക്കുന്ന ചിന്തകള്. പുരുഷനെ കാമിക്കുംപോലെ സ്ത്രീയെയും ഞാന് ആസ്വദിക്കാറുണ്ട്. എന്നാല് ഹോമോയെന്നും എന്നെ പൂര്ണമായും വിളിക്കാനാവില്ല. (തുടരും)

Tuesday, September 15, 2015

സുഹൃത്തുക്കളെ,
സ്ഥിരമായി എന്‌റെ ബ്ലോഗ് സന്ദര്ശിക്കുന്ന ഇദ്ദേഹം ആരാണ് എന്നറിയാന് മോഹം. A visitor from mountain view california ഇത്രമാത്രമേ ഇദ്ദേഹത്തെക്കുറിച്ച് അറിയൂ.

പൊക്കിൾകൊടി




















നനുത്ത ഷിഫോണ്‍
സാരിയിലൂടെ
നിന്‌റെ കണ്ണുകൾ
അരിച്ചിറങ്ങുന്നത്
പൊക്കിൾ ച്ചുഴിയിലേയ്ക്കാണെന്ന്
ഞാന് വായിച്ചെടുക്കും.
വെറുമൊരു മുറിപ്പാടല്ല
അതെന്‌റെ ജനിതകചരടാണ്
അമ്മയില് നിന്നെന്നിലേയ്ക്കുമവിടന്ന്
മകളിലേയ്ക്കും പടര്ന്ന വേരുകള്‌


Tuesday, September 8, 2015

വസൂരികാലത്തെ പ്രണയാക്ഷരങ്ങൾ














പനിച്ച് വിറച്ച ഉടലിൽ
മണൽ പരപ്പുകളാണാദ്യം കണ്ടത്
പിന്നെ പിന്നെ
മുലഞെട്ടുകൾ  പോലെ
തടിച്ചുവന്നു
ഛലം നിറച്ച ബലൂണുകൾ
പല നിറങ്ങളിൽ
മഞ്ഞ ചുവപ്പ് പച്ച...
മാറോട് ചേര്ത്തവൻ
ഭീതിപൂർണമായ
പുള്ളികുത്തുകളോട് പറഞ്ഞു
പഴമ്പായിൽ  കെട്ടിപൊതിഞ്ഞ്
പടിയടയ്ക്കുന്നൊരു
കാലത്തെപറ്റി.
ഉടലിൽ
ഓർമ്മകളുടെ
അടയാളമാണോരോ
പുള്ളിക്കുത്തുകളും


എെലന്‍













പ്രാണരക്ഷാര്ത്ഥം
ഒാടിക്കയറിയത്
നോഹയുടെ പോലൊരു
പേടകത്തിലായിരുന്നു.
അഭയാര്‍ത്ഥി ചാകരയാല്‍
വഞ്ചി ആടി ഉലയുമ്പോള്‍
ഉപ്പുകാറ്റില്‍ മുറിവുകള്‍ നീറി.
ഓടിപ്പോകാന്‍ വയ്യാത്ത വീടുകള്‍ക്കും
ആടുമാടുകള്‍ക്കും
എന്തുപറ്റിക്കാണും.
പൊട്ടിച്ചിതറുന്ന തലച്ചോറുകള്‍,
വെടിയുണ്ടയുടെ ചീറ്റല്‍,
ചൂട് ചോരയുടെ മണം
അങ്ങനെ അങ്ങനെ ...
എെലന്‍ കുര്‍ദ്ദി ....
പ്രിയപ്പെട്ടവനേ
ഈ അമ്മയോട്
പൊറുക്കുക.
വഴുതിപ്പോകാതെ
നെഞ്ചോട് ചേര്‍ത്തുപിടിക്കാനെനിക്കായില്ല മകനേ...
നിന്‍െറ
അവസാന ഉമ്മയുടെ ഉപ്പ്
എന്‍െറ പ്രാണനെ പൊള്ളിക്കുന്നു.
ലംബമായി അടിത്തട്ടിലേക്ക് പോയപ്പോള്‍
നീ എന്താണോര്‍ത്തത്....
കൂടെ കൂട്ടാന്‍ കഴിയാത്ത
ഒറ്റക്കയ്യന്‍ ടെടിബിയറിനെ കുറിച്ചോ...?
അതോ അമ്മയുടെ
അവസാന ഉമ്മയെക്കുറിച്ചോ...?
നിന്നെ കടിച്ചുവലിച്ച ടൂളന്‍ മത്സ്യങ്ങള്‍,
മെഡിറ്ററേനിയന്‍െറ ആഴം,
കൂട്ടക്കരച്ചിലുകള്‍...
ഓര്‍മ്മയാല്‍ വേട്ടയാടപ്പെടുകയാണ്.
എെലന്‍....
നമ്മുടെ ശവപ്പറമ്പുകള്‍ക്ക് മേലെ
ദൈവരാജ്യത്തിന്‍െറ
പണിനടക്കുന്നു.
ബൊദ്റൂണ്‍ ബീച്ചില്‍
മണല്‍ പരപ്പില്‍ കമഴ്ന്നു കിടന്ന
നിന്‍െറ ഉടലില്‍ നിന്നും
ലോകം എല്ലാം വായിച്ചെടുക്കും
...............................................................................
ഒരിക്കൽ ഞാനും മറുതീരമണയും
വെടിയുണ്ടകൾക്കും തിരമാലകൾക്കും
എത്തിപ്പെടാൻ ആവാത്ത തീരത്ത്
അന്നെന്റെ നെഞ്ചിൽ
മുത്തുച്ചിപ്പികൾ അമ്മാനമാടി
പച്ചക്കുത്തിയിരിക്കും

ആത്മഹത്യാശ്രമം

19-)൦  നിലയിൽ നിന്നും 
താഴോട്ടുള്ള ഉന്നം 
തിരികെ വിളിച്ചത് 
കുഞ്ഞു വിരലുകളുടെ 
തലോടലായിരുന്നു


Monday, August 24, 2015

ഓണം ഓര്‍മ്മകളുണര്‍ത്താന്‍














ഓർമ്മയിലെ ഓണം
ഒരു ചുവർ ചിത്രം പോലെയാണ്. ഒരായിരം നിറമുള്ള ഏടുകൾ... കൽപ്പടവുകൾ ചവിട്ടിയിറങ്ങിയോടി പള്ളിക്കൂടം മറക്കുന്ന കാലം. തുമ്പയും, തുളസിയും, ചെമ്പരത്തിയും, കാക്കപ്പൂവും, തെച്ചിയും, കൈകോർത്ത് മുറ്റത്ത് ദീർഘവൃത്തം വരക്കും. പൂക്കളിറുത്ത് മടങ്ങും വഴി തേരട്ടയെക്കണ്ടോടും... പുത്തനുടുപ്പിട്ട് ഊഞ്ഞാലിൽ കുതിച്ചുയരും.. പുലിയും, വേട്ടക്കാരനും നിഷ്കളങ്ക ബാല്യത്തെ ഭീതിപ്പെടുത്തും. കപ്പടാ മീശയും, കുടവയറുമുള്ള ഭാസ്ക്കരൻ ചേട്ടൻ മാവേലിയായി പടികടന്നുവരും. കാച്ചെണ്ണയും, മുല്ലപ്പൂവും മണത്തിൻറെ കവചം തീര്ക്കും. പൂപൊലിപ്പാട്ടിൻ താളത്തിൽ നാടുണരും തുമ്പിതുള്ളിത്തുള്ളി ഉറഞ്ഞാടും ഉടലുകൊണ്ട് മാത്രം കടലുകടന്ന ഒാരോ പ്രവാസിയും ഓരോ മാവേലിയാണ്. ഗൃഹാതുരതയുടെ തുരുത്തിൽ ജീവിക്കുന്നവർ കർക്കിടക മഴയിൽ കിളിർക്കുന്ന കൂണ്പോലെ ചുററിലും കോണ്‍ ക്രീ റ്റ് കാടുകൾ കാടുകളിൽ ചാനൽ വിരിയിക്കുന്ന ഓണക്കാഴ്ച്ചകൾ... ടിഫിൻ ബോക്സുകളിലും, പോളിത്തീൻ കവറിലും ചുറ്റും ഓണം നിരന്നിരിക്കുമ്പോൾ ... വാഴയിലയിൽ അമ്മ വിളമ്പിയ ചെമ്പാരിച്ചോറും, കാളനും, അവിയലും, പപ്പടവും, ഉപ്പേരിയും ഗൃഹാതുരത്താൽ എന്നില് നിറയും.

തുപ്പല്‍






















തറവാട്ടില്‍
ഒാട്ടുകോളാമ്പിയുണ്ടായിരുന്നു
അരഭിത്തിയില്‍ 
കുത്തിയിരിക്കും അരയോളം വെള്ളമുള്ള 
അരക്കിണര്‍. നാലുംകൂട്ടി മുറിക്കി വെറ്റിലചെല്ലംപോലെ 
ചളുങ്ങിയ 
മോണകാട്ടി 
ചിരിക്കും മുത്തച്ഛന്‍. വലത് ചുണ്ടുവിരലുംനടുവിരലും 
ചുണ്ടില്‍ ലംബമായി വെച്ച്  
നീട്ടിയൊരു തുപ്പുണ്ടിടക്കിടെ. വായുവില്‍ ഉയര്‍ന്ന് താണ് 
പാരച്യൂട്ട് പോലെ 
വിടരുന്ന തുപ്പല്‍ 
മുറ്റത്ത് അവ്യക്തമായ രുപങ്ങള്‍ തീര്‍ക്കും... മുത്തച്ഛനും, കോളാമ്പിയും ഉണങ്ങിയ തുപ്പല്‍ പോലെ മാഞ്ഞുപോയിരിക്കുന്നു. 
ഇന്നിപ്പോള്‍ 
നിന്‍െറ തുപ്പലിലെ 
കയ്പിന്‍െറ രസതന്ത്രം 
ആണെനിക്കുത്തരം 
തരാതെയിരിക്കുന്നത്.

Sunday, August 23, 2015

പാൽമിറ
















ഞാൻ  പാൽമിറയുടെ  കാവൽകാരി.
ഖാലിദ് നിൻറെ  ചോരകൊണ്ടവർ
ചരിത്രം വരച്ചിടും.
തലച്ചോറുകൽ
പൊട്ടിച്ചിതറും വരെ
പ്രഹരിച്ചാലും, ഡമാസ്കസിലേക്ക്
ഓടിപ്പോകില്ല എന്നറിഞ്ഞുകൊണ്ട്
ഞാൻ
കഴിഞ്ഞ രാത്രി നിന്നെ
വിളിച്ചുകൊണ്ടേയിരുന്നു.
റിംഗ് ടോണുകൾ  ചുവരിൽ  തട്ടി
പ്രകമ്പനം കൊള്ളിച്ചപ്പോൾ
പ്രാണൻ  പിടയുകയായിരുന്നോ....
ഖാലിദ്
ഒരു രാത്രി അവർ  എന്നെത്തേടി വരും.
എൻറെ  മാറിടം അഫ്ഗാനിസ്ഥാനിലെ
ശില്പങ്ങൽ  പോലെ ഉടയും,
കണ്ണുകൾ  സിറിയയിലെ
തെരുവ് വിളക്കിൽ  നിന്ന് കത്തും.
കണ്ണില്ലാത്ത   നീതിക്കുമുമ്പിൽ
നാം കണ്ണടച്ചു നിൽക്കും.
നിൻറെ   നിശ്വാസങ്ങൾ  
പാൽമിറയുടെ
പ്രാണനുവേണ്ടി കേഴും.
നഗ്നബന്ധങ്ങളിൽ  
ആയിരമായിരം സൂചിമുനകൾ  കുത്തി
ഒറ്റുകാരെന്ന് കുറിച്ചിടും.
വിഗ്രഹഭഞ്ജകർ  എന്ന്
സ്വയം ആശ്വസിച്ച്
പുതിയ ചരിത്രം നിർമ്മിക്കും.
പാൽമിറയുടെ ഒരോ ഇടങ്ങളിലും
നിൻറെ  ചോര
ഉണങ്ങി കറുത്ത് ഉരുണ്ട്കൂടും.
തലയില്ലാത്ത നമ്മുടെ ഉടലുകൾ
ശ്മശാനഭൂവിൽ  
കെട്ടിപ്പുണർന്ന്  കിടക്കും.

Tuesday, August 18, 2015

തനിച്ച്‌






















നിന്‌റെ തൂവലുകൾ
എന്നിൽ  ഇപ്പോഴും
പൊഴിഞ്ഞുകിടപ്പുണ്ട്.
ദേശാടനപക്ഷിയെപ്പോൽ
നീ പറന്നുപോയപ്പോൾ
ഞാൻ  നിന്നിലെ
നെരിപ്പോടിൽ  നീറി.
നമ്മൾ  നടന്ന വഴിയിൽ
ആദിത്യനില്ലാത്ത
രാധയായി ഞാൻ
നിന്‌റെ കൊലുസിന്‌റെ
ചിലമ്പലിലേയ്ക്ക്
ചെവി വട്ടം പിടിച്ചു

Monday, August 17, 2015

(അ)രാഷ്ട്രീയം














കൊടിമരങ്ങൾക്ക് പറയാനുണ്ട്
നിറങ്ങൾക്കൊണ്ട് മാത്രം
വ്യത്യസ്ഥരായ കൊടികളെക്കുറിച്ച്
കൊടികൾക്ക് പറയാനുണ്ട്
കീഴടക്കലിന്റെ വേഗതയെക്കുറിച്ച്
മുദ്രാവാക്യങ്ങൾക്ക് പറയാനുണ്ട്
പ്രതിഷേധത്തിൻറെ ഇരമ്പലുകളെക്കുറിച്ച്
അജണ്ടകൾക്ക്  പറയാനുണ്ട്
നമ്മൾ രണ്ടായിരിക്കേണ്ട
സാധ്യതകളെക്കുറിച്ച്
എങ്കിലും എങ്കിലും
ചരിത്രത്തിൽ  ഓരോ കൊടിയും
വസന്തത്തിന്റെ 
അടയാളങ്ങൾ തീര്ത്തിട്ടുണ്ട്.

Saturday, August 15, 2015

പ്രണയമൂട്ട്

















1.ഓര്മ്മകളില് 
ഖനനം ചെയ്യുമ്പോള് 
നീയൊരു യവന ശില്പ്പമാകും
എന്റെ പ്രണയകൊട്ടാരത്തിലെ 
രാജകുമാരി.
തീക്കാറ്റില് നീ 
സ്വയം പൊള്ളിച്ചെടുക്കുന്നത് 
എന്റെ നിമിഷങ്ങളല്ലെങ്കിലും 
നിന്റെ ഭൂപടത്തില് 
ഞാനെന്റെ 
തുരുത്ത് വരച്ച് ചേര്ക്കുന്നു...
...................................................................
2.
ഇന്നവശേഷിക്കുന്നത് 
വെട്ടിമാറ്റിയ 
ചില്ലക്ഷരങ്ങളുടെ 
ചോരപ്പാടാണ്...
ഭൂതകാലത്തിന്റെ 
മുറിച്ചെടുത്തൊരു ചില്ലയാണ്...
വരികള്ക്കിടയില്
ഒളിച്ചുകടത്തുന്നത് 
പ്രണയത്തിന്റെ 
രാസായുധമാണ്...


Sunday, August 9, 2015

നടവഴിയിലെ നേരുകള്









കണ്ണൂര്സ്വദേശി ഷെമി എഴുതിയ നടവഴിയിലെ നേരുകള്, പ്രതിസന്ധികള്മറികടന്ന് ലക്ഷ്യപ്രാപ്തിയില്എത്തിയ പെണ്കുട്ടിയുടെ കഥ.


വര്ഷങ്ങള് പഴക്കമുള്ള ആരുമറിയാതെ പോയ ക്രൂരകൊലപാതകത്തില് എനിക്കും പങ്കുണ്ട്...എന്നെയും പ്രതി ചേര്ക്കണം. കൊല്ലപ്പെട്ടത് പതിമൂന്നുകാരന് സുര്ജിത് !
മലയാളികള് മറന്നുകാണാന് ഇടയില്ലാത്തൊരു ആശുപത്രി വാര്ഡിലാണ് സംഭവം.
പുഴുക്കള്ക്ക് ഭക്ഷണമായിക്കൊണ്ടിരിക്കുന്ന ശവമല്ലാത്ത ശരീരങ്ങള്...
മലിന ഓവുചാലിലിഴയുന്ന മനുഷ്യര്...
ഷെമി എഴുതുകയാണ്, വിശന്നുറങ്ങിയ നാളുകളെക്കുറിച്ചും അനാഥത്വത്തേക്കാള് ദുഖകരമായ  ചില ഓര്മ്മകളെക്കുറിച്ചും നടവഴിയിലെ നേരുകള് എന്ന തന്റെ പുസ്തകത്തിലൂടെ…
……………………………………………………………………………………………………………………………………….
മാനം കെടുത്താനും മാന്യത വെട്ടിപ്പിടിക്കാനും രാഷ്ട്രീയക്കാര്ക്ക് കിട്ടിയ അവസരമായിരുന്നു ആ സംഭവം…
വാര്ഡിലെ തന്റെ ആദ്യദിവസം. റൗണ്ട്സിനെത്തിയ സര്ജന്, സുര്ജിത്തിന്റെ പി.ആര് ചെയ്യുമ്പോഴാണ് ഷെമി അവനെ കാണുന്നത്. തല മുണ്ഡനം ചെയ്തിട്ടുണ്ട്. കണ്ണുകള് മഞ്ഞിച്ച് കലങ്ങിയിരിക്കുന്നു. വെളുത്ത ശരീരത്തില് ആകമാനം ചുവന്ന തടിപ്പ്. വേണ്ടതിലല്പം വണ്ണമുള്ള ഡോക്ടറുടെ കൈ മുട്ടോളം പയ്യന്റെ ഗുദാമിലൂടെ നിര്ബാധം ഇറങ്ങിപോയത് ഞെട്ടലോടെയാണ് ഷെമി നോക്കി നിന്നത്.
വരാന്തയില് മൂത്രം, മലം പഴുപ്പ്, പുഴു, ഛര്ദില് ഇതിലെല്ലാം മുങ്ങിക്കിടക്കുന്ന രോഗികളെ രാവിലെ ഹോസിട്ടടിച്ചാണ് കുളിപ്പിക്കാറ്. അക്കൂട്ടത്തിലാണ് സുര്ജിത്തും.
മലദ്വാരത്തില് പഴുപ്പ് ഇറ്റുവീഴുന്ന കാരണം അടിവസ്ത്രം ഇടാറില്ല. നടക്കാനും അമര്ന്നിരിക്കാനും വയ്യാത്ത അന്യസംസ്ഥാനക്കാരോട് അറിയാവുന്ന ഹിന്ദി വെച്ച് പല തവണ ഷെമി സംസാരിക്കാന് ശ്രമിച്ചുവെങ്കിലും അവരുടെ ഭാഷ നിശബ്ദതയായിരുന്നു.
ബിഹാറീന്നോ ഒറീസയില് നിന്നോ വഴിതെറ്റി എത്തിപ്പെട്ടതാണത്രേ. വരുമ്പോള് കാണാനും മെനയുള്ള കൂട്ടത്തിലായിരുന്നു. വേലയും കൂലിയുമില്ലാതെ സുഖിച്ച് കഴിയുന്ന ഇവിടുള്ളവന്മാരെല്ലാം അവര്ക്കടെ ചൊറിച്ചിലു മാറ്റാന് അതിനെ ഇപ്പരുവത്തിലാക്കിയതാണത്രേ
മാറ്റമില്ലാത്ത മരണരേഖപ്പെടുത്തലുകള്, പലതിനും ഷെമിയെന്ന അനാഥപ്പെണ്ണ് സാക്ഷിയായി. മരിച്ചവന്റെ പേരില് ജീവിച്ചിരിക്കുന്നവര്ക്ക് മാരണമുണ്ടാകാതിരിക്കാനുള്ള സുരക്ഷാ സമാഹൃതി
…………………
തെരുവിലും അനാഥാലയത്തിലും ദാരിദ്ര്യത്തിന്റെയും അനാഥത്വത്തിന്റെയും യാതനാലോകത്തിലാണ് ഷെമി വളര്ന്നത്.
കഥാകാരിയുടെ ആത്മകഥാംശം നിറഞ്ഞ നോവല്,നടവഴിയിലെ നേരുകള്’’ അതും കഥാകാരി തെരുവുബാല്യങ്ങള്ക്കായി തന്നെ സമര്പ്പിക്കുന്നു.
കണ്ണൂരിലായിരുന്നു അവളുടെ കുടുംബം. ബാപ്പയും ഉമ്മയും സഹോദരങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും പട്ടിണിയും വഴക്കും ബഹളവും മാത്രമായിരുന്നു എന്നുംഒറ്റമുറി വാടകവീട്ടില് മുട്ടതോടും കരിമണലും വാരിത്തിന്ന് വിശപ്പടക്കിയ കുഞ്ഞുമനസ്സ്.
മുലകുടി നിര്ത്തി സ്ക്കൂളില് ചേര്ക്കുന്ന കാലഘട്ടത്തിനിടയില് അമ്മമാര്ക്കിത്തിരി വിശ്രമം  ഉദ്ദേശിച്ച്  സര്ക്കാര് നടപ്പാക്കിയതെന്ന് ഷെമി വര്ണിച്ചിരിക്കുന്ന അംഗനവാടിയും ആ കാലഘട്ടവും വായനക്കാരില് ഒരുപോലെ വിഷാദവും ചിരിയും ജനിപ്പിക്കും.
ആദ്യം അംഗനവാടിയെന്ന് കേട്ട് ചാടിപുറപ്പെട്ടത് ഉപ്പുമാവോര്ത്തായിരുന്നു. എന്നാല് ഷെമി ചെന്ന അംഗനവാടിയില് അതുമില്ല. അമ്പ്രല്ലാമിഡിപാവാടക്കാരിയായ ശംസിയയുടെ സ്ലേറ്റിലേയ്ക്ക് നോക്കിയായിരുന്നു ആ ദിനങ്ങള്. ഉണ്ട ആസിഫിന്റെ ആനസ്ലേറ്റില് തൊടാന് കൊതിച്ചു. ഉപ്പുമാവില്ലാത്ത അംഗനവാടിയില് ആഹാരം കൊണ്ടുവരുന്നവര്ക്കിടയില് ആദ്യാക്ഷരങ്ങള് അദ്ഭുതങ്ങളായി സ്ലേറ്റുകളില് കുത്തിക്കുറിക്കുന്നവരെ നോക്കി, ഒരു സ്ലേറ്റ് പെന്സില് പോലുമില്ലാത്ത ബാല്യം ദാരിദ്ര്യത്തിന്റെ വലിയ സത്യമായി മുഴച്ചുനിന്നു.
വീതിയും വലിപ്പവും ഒട്ടുമില്ലാത്ത ഒറ്റമുറി. 150 രൂപയാണ് വാടക. അതുതന്നെ മിക്കമാസങ്ങളിലും കുടിശിക. പക്ഷെ സൗകര്യങ്ങളൊന്നുമില്ലാത്ത വീട് മറക്കാനാവില്ല, കാരണം അവിടമാണ് അവരുടെ ഓര്മ്മകളുടെ ജന്മസ്ഥലം.
ബാപ്പയ്ക്ക് അസുഖമായി. വാടക കൊടുക്കാനാവാതെ വീടൊഴിയേണ്ടി വന്നു. ചിന്നിച്ചിതറിപ്പോയ കുടുംബം. ഉമ്മയും സഹോദരങ്ങളുമൊക്കെ  പല വഴിക്കു പോയിതെരുവിൽ ബാപ്പയോടൊപ്പമായിരുന്നു അവൾ. ഒരുനാൾ  രാത്രി ഏറെ വൈകിയും ബാപ്പ വന്നില്ല. പേടിച്ച്  വിറച്ച്  ഒരു പോളപോലും കണ്ണടയ്ക്കാതെ, ഇരുട്ടുമൂടിയ  പീടിക വരാന്തയിൽ മരപ്പെട്ടിക്ക് പിന്നിൽ ഒരു കീറച്ചാക്കിൽ അവളൊറ്റയ്ക്ക്.
പിന്നെപ്പിന്നെ അതൊരു ശീലമായി. അവൾ തെരുവിന്റെ ഭാഗമായി. പഞ്ചായത്ത് പൈപ്പിൻ  ചോട്ടിലിരുന്ന് വെള്ളംവരുമ്പോള് മാത്രമുള്ള കുളിനനഞ്ഞ കുപ്പായം ഉണങ്ങും വരെ വെയിലത്തിരിക്കും. വിശക്കുമ്പോൾ സ്കൂളിലേക്കോടും. ഉച്ചക്കഞ്ഞിയെങ്കിലും  കിട്ടുമല്ലോ. അക്കാലത്ത് തെരുവില് കാണുന്ന കുട്ടികളെ വലിയ വീട്ടുകാര് വീട്ടുജോലിയേല്പ്പിക്കും. എല്ലുമുറിയെ ജോലി. കിട്ടുന്നതോ കീറിയതും പാറിയതും തുണികഷ്ണം. 
എട്ടുവയസ്സില് ഉപ്പ മരിച്ചതോടെ തെരുവില്. പതിമൂന്നാം വയസ്സില് ഉമ്മ മരിച്ചു. അനാഥത്വത്തിന്‌റെ തെരുവുവീഥിയിലകപ്പെട്ട് രണ്ട് ദിവസം പോലീസ് ലോക്കപ്പില്.
കുട്ടിക്കാലം കൂടുതലും തെരുവിലായിരുന്നു. അനാഥ മന്ദിരത്തില് എത്തിയപ്പോള്  നഷ്ടപ്പെട്ട സ്വാതന്ത്ര്യം. അനാഥാലയങ്ങളില് വരുന്നവര് സംഭാവന നല്കി മടങ്ങും. അനാഥകുട്ടികള് കിടക്കുന്ന മുറിയോ കഴിക്കുന്ന ആഹാരമോ ഉപയോഗിക്കുന്ന കക്കൂസോ ജീവനക്കാരുടെ പെരുമാറ്റമോ അവര് കണ്ടിരുന്നെങ്കില് എന്ന് ആഗ്രഹിച്ചിരുന്ന ബാല്യം.
കുഞ്ഞുനാളിലെ ഏല്‌ക്കേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്. തീവണ്ടിപാളത്തിനരികിലെ, കടത്തിണ്ണയിലെ, തെരുവോരങ്ങളിലെ അന്തിയുറക്കം. സമയം വിട്ട് ഇരമ്പിവരുന്ന തീവണ്ടികളുടെ തേങ്ങലുകള്. ദേവാലയത്തിനുള്ളിലെ ചുമരില് തറപ്പിച്ച കുമ്പിളില് നിന്നും വെള്ളമെടുത്ത് തൊട്ട് ഉറക്കച്ചടവില് നിന്നും ഉന്മേഷം കൈകൊണ്ട് സ്‌ക്കൂള് ജീവിതം.
സ്‌ക്കൂള് അതാണ് ജീവിതത്തിന് വൈകുന്നേരം വരെ അര്ത്ഥമുണ്ടാക്കിതന്നത്. അനാഥാലയത്തിലെ പീഡനം. രക്ഷപ്പെടല്. പലനാടും പലവീടുകളും താണ്ടിയുള്ള ജീവിക്കാനുള്ള നെട്ടോട്ടം. അതിനിടയില് പലയിടങ്ങളില് കൂലി ലഭിക്കാതെയും ഒരു നേരത്തെ ആഹാരത്തിനായുള്ള തൊഴിലെടുക്കല്. ഒടുവില് എത്തിചേരുന്നത് ആതുരസേവനത്തിലും.... അതിനിടയില് കറുത്തകൈകളില് നിന്നും കാത്തുസൂക്ഷിച്ച പവിത്രത. വായനയില് ഒഴിവാക്കേണ്ടതായി ഒന്നുമില്ല.
ജീവിതത്തിലേയ്ക്ക് കടന്നുവന്ന ആയിഷാന്റപ്പവും കാദറുകുട്ടിയും സെറീനയും കുഞ്ഞാമിയും പിന്നെ, യഥാര്ത്ഥ വിദ്യാര്ത്ഥിയെ ലഭിക്കുന്നതില്പരം പൂര്ണത ഒരധ്യാപകനുമില്ലെന്ന് കുഞ്ഞാമിയിലൂടെ (ഷെമിയുടെ ഉമ്മ) സാക്ഷ്യപ്പെടുത്തിയ കണ്ണന്മാഷും വായനക്കാരന് മരിക്കുവോളം ജീവിക്കും.
നാലുവര്ഷം മാത്രം ഭൂമിപരിചയമുള്ള ഷെമിയെ ആറ് വര്ഷത്തെ പരിചയസര്ട്ടിഫിക്കറ്റ് നല്കി പ്രവേശനപത്രിക തയ്യാറാക്കിയത് കണ്ണന്മാഷായിരുന്നു. തലമുടിയും മീശയും മുക്കാല്ഭാഗവും വെള്ളവീണ കണ്ണന്മാഷ്
………………………………………………………………………………………………………………………………………………………………………………
തുടര്ച്ചയായ വായനശീലമുള്ളവര്ക്ക് ഇതൊരു വേറിട്ട വായനാനുഭവം ആണെന്ന് നിസംശയം പറയാം. വായിച്ചറിഞ്ഞവര്ക്ക് ഈ കഥയും ജീവിതാനുഭവങ്ങളും ജീവിതാവസാനം വരെ വേട്ടയാടപ്പെടും. വായിക്കുന്നവര്ക്ക് കണ്ണിനും മനസ്സിനും പകരാന് ധാരാളം കൗതുകങ്ങള് കഥാകാരി പങ്കുവെയ്ക്കുന്നുണ്ട്. ഒരേ സമയം ചിരിപ്പിച്ചും ചിന്തിപ്പിച്ചും ചിലപ്പോഴെല്ലാം വികാരതീവ്രതയാല് കണ്ണുനനയിപ്പിച്ചും തേങ്ങലടക്കിയ കണ്ഠഭാരത്താല് നീറിയും വായിച്ചുതീര്ത്ത ഭാഗങ്ങള് ഒരിക്കല്കൂടി ആവര്ത്തിക്കുകയാണ് ഞാനീയെഴുത്തിലൂടെ.
ജീവിതത്തിലിന്നോളം 150 പേജിനപ്പുറം ഒരു വായനയും ഉണ്ടായിട്ടില്ല. വീട്ടുജോലിയും ഓഫീസും യാത്രകളും കിട്ടുന്ന ഇടവേളകളിലെല്ലാം രണ്ടാഴ്ച്ച സമയമെടുത്ത് ഷെമിയുടെ നടവഴിയിലെ നേരുകള്, (അല്ല, ഷെമിയുടെ ജീവിതക്കഥ, അങ്ങിനെ പറയുന്നതാണ് ഉചിതമെന്ന് തോന്നുന്നു) ആത്മാര്ത്ഥമായി വായിച്ചുതീര്ത്തു. 639 പേജുകള്.
പ്രസവത്തിനിടയില് ഏറെ കാലം ബോധം നശിച്ചുകിടന്ന ഷെമി പിന്നീട് ഓര്മ്മകള് പെറുക്കികൂട്ടി എഴുതിയത് മൂവായിരം പേജുകളായിരുന്നു. അതാണ് 639 പേജുകളുള്ള നടവഴിയിലെ നേരുകളായത്. അതില് പല ഭാഗങ്ങളും കളയേണ്ടി വന്നു.
കഥയില് തുടക്കത്തിലെ ജീവതങ്ങളും ഇടയില് കയറിവന്ന മുഖങ്ങളും കഥയില് അല്ലെങ്കില് അവസാനം ശേഷിച്ച കഥാപാത്രങ്ങളും നിരന്തരം മനസ്സിനെ വേട്ടയാടുകയാണ്.
ഉറക്കം വരാത്ത രാത്രികളിലെപ്പോഴും ശേഷിച്ച കഥാപാത്രങ്ങളുടെ ജീവിതത്തെക്കുറിച്ചാണ് ചിന്തിച്ചത്. ഹാജറയും റംലയും റാഫിയും സൗറയും. പച്ചക്കണ്ണുള്ള സുന്ദരനെക്കുറിച്ചുള്ള വര്ണ്ണന കുറഞ്ഞുപോയതില് അല്പ്പം വിഷമം തോന്നാതിരുന്നില്ല, അതറിയിക്കുകയും ചെയ്തു. എഴുതിത്തീര്ന്നതെല്ലാം ഒതുക്കിയും പെറുക്കിയും എഡിറ്റിംഗില് പലതും ഒഴിവാക്കേണ്ടി വന്നെന്ന മറുപടിയും കിട്ടി. പക്ഷെ വായന എന്നെ സംബന്ധിച്ച് പൂര്ണ്ണമായിരുന്നില്ല, അവസാന പേജില് ആര്ത്തിയോടെ ഇനിയുമുണ്ടെങ്കില് എന്ന് ആശിച്ചു. എന്ത് സംഭവിച്ചിരിക്കാം എന്ന ആകാംക്ഷ.
വിദേശത്തുവന്നുള്ള ജീവിതത്തിലെ വീഴ്ച്ചയില് ഞാന് എന്ന ഒറിജിനല് കഥാപാത്രത്തിന് പിന്നീടെന്തൊക്കെ സംഭവിച്ചു എന്നത് ജീവിച്ചിരിക്കുന്ന മാധ്യമസുഹൃത്തുക്കളില് നിന്നും ചോദിച്ചറിഞ്ഞു. ഹൃദയത്തില് അങ്കലാപ്പോടെ മൂന്നാമതോരാളോട് അതെല്ലാം അതേ തീവ്രതയോടെ പങ്കുവെയ്ക്കാന് സാധിക്കുന്നില്ല. ഒരുപക്ഷെ മറ്റൊരു എഴുത്തിലൂടെ കഥാകാരിക്ക് തന്നെ അതിന് സാധിച്ചെന്നിരിക്കും.
………………………………………………………………………………………………………………………………………………………………………………
വടക്കേ മലബാറിലെ മുംസ്ലീം ജീവിതാവസ്ഥയുടെ നേര്ക്കാഴ്ച്ചക്കപ്പുറം തെരുവോരങ്ങളില് വളര്ന്ന് ആര്ക്കും വേണ്ടാതെ പോകുന്ന കുറെ  ജീവിതങ്ങളാണ്  ഷെമി പകര്ത്തിയത്.
എഴുത്തിലെ കരുണ തെരുവിലെ അഭയാര്ത്ഥികള്ക്കുകൂടി എത്തിക്കുകയാണ് ഷെമി. പൊള്ളുന്ന ജീവിതാനുഭവങ്ങള്ക്ക് ഭാവനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും പുസ്തകം വായനക്കാരിലെത്തിക്കണമെങ്കില് ചില ഭാവന കലര്ത്തേണ്ടത് എഴുത്തുകാരിയുടെ/കാരന്റെ ധര്മ്മമെന്നിരിക്കെ അത് അത്യതാപേക്ഷിതവുമാണ്.
തെരുവോരങ്ങളില് വളര്ന്ന് ആര്ക്കും വേണ്ടാതെ വിരിഞ്ഞുകൊഴിഞ്ഞുപോകുന്ന കുറേ ജീവിതങ്ങള് എഴുതിയും വായിച്ചും പഴകിയതാണ്, എന്നാല് അത്തരം പാഴ്ച്ചെടി ജീവിതങ്ങള് അല്ല ഇവിടെ മുഴച്ചു നില്ക്കുന്നത്. പാഴ്ചെടിയില് നിന്നും കിളിര്ത്തുവന്ന ജീവിതം, അങ്ങിനെ വേണം ഷെമിയെന്ന ശ്വാസത്തെ വിശേഷിപ്പിക്കാന്.  
………………………………………………………………………………………………………………………………………………………………………………

(ഷെമി  മാദ്ധ്യമ പ്രവർത്തകനായ ഭർത്താവ് ഫസ്ലുവിനോടൊപ്പം ദുബായില് താമസം. തെരുവിൽ നിന്ന് അനാഥാലയത്തിലെത്തപ്പെട്ട  ഷെമി പ്ളസ് ടു വരെ പഠിച്ചു. അതുകഴിഞ്ഞ്  നഴ്സിംഗ്  കോഴ്സിന്  ചേർന്നു. തിരുവനന്തപുരത്ത് നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ്  ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച്  ഫസ്ലുവിനെ പരിചയപ്പെടുന്നതും പ്രണയബദ്ധരാകുന്നതും. ഇവർക്ക് രണ്ട്  പെൺമക്കൾ. ആറാം ക്ലാസിൽ പഠിക്കുന്ന ഇഷയും എൽ.കെ.ജിയിൽ പഠിക്കുന്ന ഈവയും.)