Wednesday, April 6, 2011

മരണവിളി

ചേതനയറ്റ ശരീരമായിരുന്നു ഞാന്‍
എന്നിട്ടും,എണ്ണവിളക്കിന്റെ
ആടുന്ന നിഴല്‍വെട്ടത്തില്‍
ഓരോ കണ്ണടലെന്‍സും
എനിക്കുമുന്നില്‍ ദൃശ്യമായി
കുമിഞ്ഞുപൊന്തുന്ന
രക്തക്കറകളില്‍
ഒരുപാട് ഈച്ചകളെത്തി
മാന്യതയുടെ കീഴ്ഭാഗം
അമര്‍ന്നു ഞെരിഞ്ഞുകിടക്കാന്‍
തള്ളവിരലുകള്‍ അടുപ്പിച്ചുകെട്ടി
എന്റെ ആന്തരാവയവങ്ങള്‍തേടി
പരുന്തുകള്‍ പറന്നിറങ്ങി
തീയിനു ഭക്ഷണം നല്‍കാന്‍
ആളുകള്‍ തിരക്കുകൂട്ടി
ഇടവഴികളിലെ നെടുവീര്‍പ്പുകളറിഞ്ഞ്
എന്നില്‍ പൂകിയ മരണംപോലും
അല്‍പമൊന്നു നാണിച്ചു
സ്വപ്‌നവും പുറംലോകവും
തമ്മിലുള്ള ഉടമ്പടികള്‍
ഇവിടെ അവസാനിക്കുകയാണ്
മരണത്തിന്റെ കിടപ്പറയാകുന്നു മനസ്സ്
ഇനി തുപ്പല്‍കുമിളലോകത്തെ
നീറ്റിപുകച്ചിലില്ല
ജീവിതത്തിലെ വസന്തം
പാഴാക്കുന്ന പാഴ്‌വേലകളില്ല.