Saturday, September 26, 2015

പൊരുത്തം


ആമുഖമില്ലാത്തൊരു
പുസ്തകമാണു ഞാൻ
വെട്ടിത്തിരുത്തലും
കൂട്ടിച്ചേർക്കലും
നിരന്തരം നടക്കുന്നവ.
ദാമ്പത്യം
ഇരുപത്തിയഞ്ചാമത്തെ
അധ്യായമാണ്.
...............................................
കിടക്കയിൽ
അദൃശ്യമായൊരു മതിലുണ്ട്
ഉറക്കത്തിന്റെ
മൂന്നാമത്തെ വളവിൽ
എന്നിലേയ്ക്കവൻ
ഒളിച്ചുകടക്കും.
നിശാവസ്ത്രത്തിൻറെ
ബട്ടണുകൾ
ഒരു ജാരൻറെ  സൂക്ഷ്മതയോടെ
അവനഴിക്കും
ഉറങ്ങുന്ന മാറിടങ്ങളെ മാത്രം
കുലുക്കിവിളിക്കും
ഇരുട്ടിൽ  കാണാതെ പോയ
എന്തൊക്കെയോ തേടും
ഉറക്കച്ചടവിൽ
എന്നിലെ തടാകത്തിൽ
കുളിച്ച് തോർത്തി
വെളുക്കുംമുമ്പ്
അവനതിർത്തി  കടക്കും.
................................................
അടുക്കളയിൽ  സ്വയം
ഇരുപത്താറാം അധ്യായമാകും ഞാൻ
ആമുഖമില്ലെങ്കിലും
അടയാളങ്ങൾ  ബാക്കിവെക്കുന്നീ പുസ്തകം.


സുഷുപ്തി

ഉറക്കത്തിൻറെ
ആഴങ്ങളിൽ
എന്നെയവൻ
തിരിച്ചറിയണമെന്നില്ല.
ഇണചേരലിനുമപ്പുറം,
വെറുമൊരുതൊട്ടുരുമ്മൽ  മാത്രംമതി
എനിക്കുമൊന്ന്
ഉറക്കത്തിൻറെ
ആഴങ്ങളിലേയ്ക്ക്
ഊളിയിട്ടിറങ്ങാൻ...

വേഗതയുടെ ഭൂപടം

ആകാശത്തിലേയ്ക്ക് വളരുന്ന
കോണ്‍ക്രീറ്റ്  മരങ്ങളെ
വകഞ്ഞുമാറ്റി
വേഗതയുടെ നീളൻ  വഴികൾ.
കുതിരശക്തികൾ  പേറുന്ന
യന്ത്രഹൃദയങ്ങൾ...
കണക്കു കൂട്ടലുകളിൽ
കുടുങ്ങിപോകുന്ന ഉടലുകൾ...
നഗരം
വേഗതയുടെ ഭൂപടം
നിർമ്മിച്ചുകൊണ്ടേയിരിക്കുന്നു.

Thursday, September 24, 2015

പാല്‍മിറ

ഒരു നീണ്ട കത്തെഴുതുന്നു.
ചില സാക്ഷ്യപ്പെടുത്തലുകള്.
....................................................
വിവാഹിതയായ സ്ത്രീ മറ്റൊരാളെ കാമിക്കുന്നത് അവിഹിതമെന്നതുകൊണ്ട് സ്വപ്നത്തില് ഞാനൊരു കാമുകനെ സൃഷ്ടിക്കുന്നു. അവകാശികള് തേടിവരാത്ത എന്റേതുമാത്രമായ കാമുകനെ. ഞാന് ജീവിച്ചിരുന്നു എന്നതിന് ചില അടയാളപ്പെടുത്തലുകള് ആവശ്യമായതിനാല് എന്നെ ഞാനായി അംഗീകരിക്കാന് ഞാന് കണ്ടെത്തിയ വഴി.

ഇണയോടല്ലാതെ മറ്റൊരാളോട് സാക്ഷ്യപ്പെടുത്തുന്ന യാഥാര്ത്ഥ്യങ്ങളാണ് ശരിക്കും സത്യം, എന്നതുകൊണ്ട് തന്നെ സ്വപ്നത്തിലെ കാമുകനെ ഞാന് ഗാഢമായി പ്രേമിക്കുന്നുകാണുന്ന കാഴ്ച്ചകള്ക്കും പുഞ്ചിരിക്കുമപ്പുറം ഒരു സ്ത്രീയ്ക്ക് ഒളിക്കാന് കഴിയുന്ന ഒരുപാടൊരുപാട് രഹസ്യങ്ങളുണ്ട്. അതുകൊണ്ട്, എനിക്ക് നിന്നോട് ഏറെകാര്യങ്ങള് സംസാരിക്കാനുണ്ട്. നിറമാര്ന്ന പ്രണയത്തിനുമപ്പുറം നീ കാണാതെ മറച്ചുവെച്ച ചില വെളിപ്പെടുത്തലുകളുണ്ട്.

മഴവില്ലുപോലെ തെളിവാര്ന്ന പ്രണയത്തിന് ഏഴ് നിറങ്ങള്ക്കുമപ്പുറം മറ്റൊരു നിറച്ചാര്ത്തു പകരുവാന് ഞാന് ആഗ്രഹിക്കുന്നു. ഇനിയും വൈകരുതെന്ന് മനസ്സ് പറയുന്നു. കാരണം, സംഘര്ഷത്തിന്റെ അനന്തസമുദ്രമാണ് മുന്നിലുള്ളത്. മനോനില നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാം ഇവിടെ സാക്ഷ്യപ്പെടുത്തുന്നുവെന്നുവെച്ച് നീയായിരിക്കില്ല എന്റെ മരണത്തിന് ഉത്തരവാദി. അത് ഞാന് മാത്രമായിരിക്കും. അവകാശമെങ്കിലും എനിക്ക് സ്വന്തമായിരിക്കട്ടെ.

എന്റെമേല് ആധിപത്യം സ്ഥാപിക്കുന്ന ആരെയും ഞാന് ഇഷ്ടപ്പെടുന്നില്ല, അത് സ്നേഹം കൊണ്ടുള്ള ആധിപത്യം ആണെങ്കിലും. സ്വതന്ത്രമായി ജീവിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഞാനൊരു ഫെമിനിസ്റ്റല്ലെങ്കില് കൂടിയും. എന്നാല് അതിനുള്ള സ്വത്തോ പണമോ എന്റെ കയ്യില് ഇല്ലെങ്കില് തന്നെയും.
സ്നേഹവും പ്രണയവുമെല്ലാം പെട്ടെന്നെനിക്ക് മടുക്കും. എല്ലാറ്റിനും മടുപ്പിന്റെ ഗന്ധമാണ്. എന്നാല് എല്ലാവരിലുമുള്ള ലൈംഗികചിന്തകള് എന്നിലുമുണ്ടുതാനും. ആളികത്തി ശമിക്കുന്ന ചിന്തകള്. പുരുഷനെ കാമിക്കുംപോലെ സ്ത്രീയെയും ഞാന് ആസ്വദിക്കാറുണ്ട്. എന്നാല് ഹോമോയെന്നും എന്നെ പൂര്ണമായും വിളിക്കാനാവില്ല. (തുടരും)

Tuesday, September 15, 2015

സുഹൃത്തുക്കളെ,
സ്ഥിരമായി എന്‌റെ ബ്ലോഗ് സന്ദര്ശിക്കുന്ന ഇദ്ദേഹം ആരാണ് എന്നറിയാന് മോഹം. A visitor from mountain view california ഇത്രമാത്രമേ ഇദ്ദേഹത്തെക്കുറിച്ച് അറിയൂ.

പൊക്കിൾകൊടി
നനുത്ത ഷിഫോണ്‍
സാരിയിലൂടെ
നിന്‌റെ കണ്ണുകൾ
അരിച്ചിറങ്ങുന്നത്
പൊക്കിൾ ച്ചുഴിയിലേയ്ക്കാണെന്ന്
ഞാന് വായിച്ചെടുക്കും.
വെറുമൊരു മുറിപ്പാടല്ല
അതെന്‌റെ ജനിതകചരടാണ്
അമ്മയില് നിന്നെന്നിലേയ്ക്കുമവിടന്ന്
മകളിലേയ്ക്കും പടര്ന്ന വേരുകള്‌


Tuesday, September 8, 2015

വസൂരികാലത്തെ പ്രണയാക്ഷരങ്ങൾ


പനിച്ച് വിറച്ച ഉടലിൽ
മണൽ പരപ്പുകളാണാദ്യം കണ്ടത്
പിന്നെ പിന്നെ
മുലഞെട്ടുകൾ  പോലെ
തടിച്ചുവന്നു
ഛലം നിറച്ച ബലൂണുകൾ
പല നിറങ്ങളിൽ
മഞ്ഞ ചുവപ്പ് പച്ച...
മാറോട് ചേര്ത്തവൻ
ഭീതിപൂർണമായ
പുള്ളികുത്തുകളോട് പറഞ്ഞു
പഴമ്പായിൽ  കെട്ടിപൊതിഞ്ഞ്
പടിയടയ്ക്കുന്നൊരു
കാലത്തെപറ്റി.
ഉടലിൽ
ഓർമ്മകളുടെ
അടയാളമാണോരോ
പുള്ളിക്കുത്തുകളും


എെലന്‍

പ്രാണരക്ഷാര്ത്ഥം
ഒാടിക്കയറിയത്
നോഹയുടെ പോലൊരു
പേടകത്തിലായിരുന്നു.
അഭയാര്‍ത്ഥി ചാകരയാല്‍
വഞ്ചി ആടി ഉലയുമ്പോള്‍
ഉപ്പുകാറ്റില്‍ മുറിവുകള്‍ നീറി.
ഓടിപ്പോകാന്‍ വയ്യാത്ത വീടുകള്‍ക്കും
ആടുമാടുകള്‍ക്കും
എന്തുപറ്റിക്കാണും.
പൊട്ടിച്ചിതറുന്ന തലച്ചോറുകള്‍,
വെടിയുണ്ടയുടെ ചീറ്റല്‍,
ചൂട് ചോരയുടെ മണം
അങ്ങനെ അങ്ങനെ ...
എെലന്‍ കുര്‍ദ്ദി ....
പ്രിയപ്പെട്ടവനേ
ഈ അമ്മയോട്
പൊറുക്കുക.
വഴുതിപ്പോകാതെ
നെഞ്ചോട് ചേര്‍ത്തുപിടിക്കാനെനിക്കായില്ല മകനേ...
നിന്‍െറ
അവസാന ഉമ്മയുടെ ഉപ്പ്
എന്‍െറ പ്രാണനെ പൊള്ളിക്കുന്നു.
ലംബമായി അടിത്തട്ടിലേക്ക് പോയപ്പോള്‍
നീ എന്താണോര്‍ത്തത്....
കൂടെ കൂട്ടാന്‍ കഴിയാത്ത
ഒറ്റക്കയ്യന്‍ ടെടിബിയറിനെ കുറിച്ചോ...?
അതോ അമ്മയുടെ
അവസാന ഉമ്മയെക്കുറിച്ചോ...?
നിന്നെ കടിച്ചുവലിച്ച ടൂളന്‍ മത്സ്യങ്ങള്‍,
മെഡിറ്ററേനിയന്‍െറ ആഴം,
കൂട്ടക്കരച്ചിലുകള്‍...
ഓര്‍മ്മയാല്‍ വേട്ടയാടപ്പെടുകയാണ്.
എെലന്‍....
നമ്മുടെ ശവപ്പറമ്പുകള്‍ക്ക് മേലെ
ദൈവരാജ്യത്തിന്‍െറ
പണിനടക്കുന്നു.
ബൊദ്റൂണ്‍ ബീച്ചില്‍
മണല്‍ പരപ്പില്‍ കമഴ്ന്നു കിടന്ന
നിന്‍െറ ഉടലില്‍ നിന്നും
ലോകം എല്ലാം വായിച്ചെടുക്കും
...............................................................................
ഒരിക്കൽ ഞാനും മറുതീരമണയും
വെടിയുണ്ടകൾക്കും തിരമാലകൾക്കും
എത്തിപ്പെടാൻ ആവാത്ത തീരത്ത്
അന്നെന്റെ നെഞ്ചിൽ
മുത്തുച്ചിപ്പികൾ അമ്മാനമാടി
പച്ചക്കുത്തിയിരിക്കും

ആത്മഹത്യാശ്രമം

19-)൦  നിലയിൽ നിന്നും 
താഴോട്ടുള്ള ഉന്നം 
തിരികെ വിളിച്ചത് 
കുഞ്ഞു വിരലുകളുടെ 
തലോടലായിരുന്നു