Saturday, December 25, 2010

നോവ്









ഇന്നലെ രാത്രി ഞാന്‍ ഉറങ്ങിയില്ലമ്മേ
അച്ഛന്‍ കൊടുത്തുവിട്ട
കൊച്ചുകടലാസുപെട്ടിയിലായിരുന്നു
എന്റെ മനസ്സ്
അച്ഛന്റെ കൈപുണ്യം കലര്‍ന്ന
നാരങ്ങ അച്ചാറിലായിരുന്നു
അതിലെ കാന്താരിയുടെ രുചിയിലായിരുന്നു
എന്റെ മനസ്സ്.
അമ്മേ, ഇന്നലെ രാത്രി ഞാന്‍ കരഞ്ഞുപോയമ്മേ
അച്ചാറിട്ട പ്ലാസ്റ്റിക് പാത്രം മണത്തുനോക്കി
നമ്മുടെ വീടിന്റെ ഗന്ധമായിരുന്നമ്മേ
അച്ഛന്റെ കൈയിന്റെ കാഠിന്യമായിരുന്നമ്മേ
അമ്മയെ വിളിച്ച് തേങ്ങിക്കരയുമ്പോള്‍
മറുതലയ്ക്കല്‍ നിശബ്ദത മറുപടി
......... ........... ............
പാതിരാത്രിയില്‍
ആ കൊച്ചുകടലാസുപെട്ടി
വെറുതെ മാറോടുചേര്‍ത്തപ്പോള്‍
അമ്മയുടെ കണ്ണീരിന്റെ നനവ് ഞാനറിഞ്ഞു
അച്ഛന്റെ ചോരയുടെ രുചി ഞാനറിഞ്ഞു
.......... ........... ...........
തന്നിഷ്ടത്തിന് വീടുവിട്ടതിനുശേഷം
വീട്ടില്‍നിന്നും അയച്ച മണിയോര്‍ഡറില്‍
ചേട്ടനെഴുതിയ രണ്ടുവാചകങ്ങളില്‍
ഞാനെന്റെ വേദനയിറക്കി
...നന്നായി പഠിക്കണം...
...വീട്ടില്‍ വേറെ വിശേഷം
ഒന്നും തന്നെയില്ല...
...എല്ലാവര്‍ക്കും സുഖം...
എന്ന് ചേട്ടന്‍

വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും
എനിക്കുശക്തിയും ആഹ്ലാദവും
സമ്മാനിക്കുന്നു മണിയോര്‍ഡറിലെ
ചേട്ടന്റെ വാക്കുകള്‍
എന്റെ ജീവിതമാണ് ആ പഴയ
കടലാസുകഷണത്തിന്റെ വില
......... ............. ...............
ഇണയെന്റെ ഭ്രാന്തമായ അവസ്ഥയെ
പുഞ്ചിരിയോടെ നേരിട്ടു
വാരിപ്പുണര്‍ന്ന് പാതിരാത്രിയുടെ
നോവിലേക്ക് മയങ്ങുമ്പോള്‍
പറമ്പിലെ കശുമാവും അലക്കുകല്ലും
ഉത്തരത്തില്‍ തൂങ്ങിയ
നാടിന്റെ ഗന്ധമുള്ള മാറാമ്പലും
ചെറിയ ഉച്ചവെയിലുമെല്ലാം
എന്നില്‍ ഈറനണിയിച്ചു.

Tuesday, December 21, 2010

നീയും ഞാനും

എനിക്ക് പറക്കാന്‍
രണ്ട് ചിറകുകള്‍ വേണം
നിന്റെ ഉടലിന്റെ
ആകാശത്തില്‍
ആയിരം ചിറകുകളുടെ
കരുത്തോടെ
ചിറകുകള്‍ കുഴയുമ്പോള്‍
എനിക്ക്
പറന്നുവന്നിരിക്കാന്‍
നിന്റെ ഉടലിന്റെ
വന്യതയിലെ
നിറയെ പൂക്കളുള്ള
കൊമ്പുകള്‍ വേണം
നീയുണരുമ്പോള്‍
എന്‍ അരണിയില്‍
നിന്നെ ഞാന്‍ ലയിപ്പിക്കും.
ഞാനും നീയും
ഏകാന്തസരണിയിലെ
ഗാനങ്ങള്‍പോലെ
കഴുകനെപോലെ
എന്റെ ചിറകുകള്‍
നീ കൊത്തിവലിക്കുമ്പോള്‍
എന്റെ ചിറകുകളില്‍
മഞ്ഞ് പൊഴിക്കുമ്പോള്‍
നിന്നിലേക്ക്
ഒരു തുപ്പുകൊടുത്ത്
ഞാന്‍ എഴുന്നേറ്റുനടക്കും
എല്ലാ നിയോഗങ്ങളും നിറവേറ്റി
നൈരാശ്യമില്ലാതെ പകയില്ലാതെ
പരിഭവവും പരാതിയുമില്ലാതെ.
നിന്റെ കരിനീലസമുദ്രത്തില്‍
മുങ്ങിമരിക്കുംമുമ്പേ.

Monday, December 6, 2010

താന്തോന്നിപെണ്ണ്

ഒരു പെണ്ണിങ്ങനെ താന്തോന്നിയാകാമോ?
പെണ്ണല്ലേ,അവള്‍ പൂക്കാത്ത
മാവിന്‍കൊമ്പില്‍ വലിഞ്ഞുകയറാമോ
കുറുകിതടിച്ച തുടയില്‍
ചോരപ്പാടുകള്‍ വീഴില്ലേ
അവള്‍ വെറുമൊരു പെണ്ണല്ലേ
പൂത്തുതുടങ്ങിയാല്‍
വല്ല കഴുകനും വാവ്വലും
കൊത്തിത്തിന്നേണ്ടവള്‍
അന്നെന്റെ വെട്ടുകത്തിക്ക്
മൂര്‍ച്ച പോരായിരുന്നു
ഒരു തോന്ന്യാസിയുടെ മറുമൊഴി
............. ............... ..................
വടക്കേലേ മാവുപൂത്തോ അമ്മേ
സൂക്കേട് വന്ന കിഴക്കേലേട്ടന്‍
ഡയാലിസിസിന് പോയത്രേ
ഉണ്ണിയുടെ മുടി വെട്ടിക്കാണും
വിശേഷങ്ങള്‍ ഒത്തിരി
അടുക്കളേല് പണി തീര്‍ന്നോ
നിനക്കെന്തോന്നറിയണം
ചെക്കനെത്താറായോ
നിന്റെ തോന്ന്യാസത്തിന് കുറവില്ലേ
എന്റെ നാക്കേ അടങ്ങു
ഒരു തോന്ന്യാസിയുടെ മറുമൊഴി
............ ............. .................
അകന്നിരുന്നപ്പോള്‍ താന്തോന്നിപ്പെണ്ണിന്റെ
വിളിയൊച്ച കാതോര്‍ത്തിരുന്നവര്‍
അമ്മേ അമ്മേ
അമ്മ കേള്‍ക്കുന്നേയില്ല
തോന്ന്യാസിയുടെ ശബ്ദം
തിരിച്ചറിയാത്തവര്‍
തിരിച്ചറിഞ്ഞപ്പോള്‍
ഒരു പെണ്ണിങ്ങനെ
താന്തോന്നിയാകാമോയെന്ന
വിലയിരുത്തല്‍
.......... ............ ..............
കമ്പിളിക്ക് നീളം പോരാ വീതി പോരാ
കമ്പിളിക്ക് കീഴെ
സ്‌നേഹം പകര്‍ന്നു നല്‍കി
കമ്പിളിക്ക് പിടിവലി
അത് സ്‌നേഹമാണെന്ന് പല്ലവി.
ദിവസവും വിരിയുന്ന പൂക്കള്‍ക്കും
മഞ്ഞിന്‍കണങ്ങള്‍ക്കും
നിന്റെ ഗന്ധമായിരുന്നിട്ടു കൂടി
കമ്പിളിയുടെ ഗന്ധമായിരുന്നു
എനിക്കേറെയിഷ്ടം
സ്‌നേഹമില്ലാ സ്‌നേഹമില്ലാ
സ്ഥിരംമൊഴി
ഒരു പെണ്ണിങ്ങനെ
താന്തോന്നിയാകാമോയെന്ന
വിലയിരുത്തല്‍
............. ........... ................
എനിക്ക് നിറങ്ങളാകാനേ കഴിയൂ
ജീവിതത്തില്‍ ഒരിക്കലും
നിറക്കൂട്ടുകളാകാന്‍ കഴിയില്ല
ഒരു തോന്ന്യാസിയുടെ മറുമൊഴി

സ്‌നേഹം

ചതഞ്ഞ തള്ളവിരലുമായി
ഒരിക്കലൊരു മുത്തശ്ശി
എന്നെക്കാണാനെത്തി
മകന്‍ അമ്മിയില്‍ ചതച്ചതാണത്രേ.
പൊള്ളിയ ചങ്കുമായി
ഒരിറ്റു വെള്ളം ഇറക്കാനാകാതെ
ഒരിക്കല്‍ മുറ്റത്തെ കൊച്ചുമാവിന്‍കൊമ്പില്‍
മുത്തശ്ശി തൂങ്ങികിടന്നു,
അതും മകന്‍ ചെയ്തതാണത്രേ
...... ......... ......

മകന്റെ കൈയിലെ നഖംകൊണ്ട്
പരിക്കേറ്റത് ഒരമ്മയുടെ
കണ്ണിനാണെന്ന് ആരോ കേഴുന്നു
ബാല്യത്തില്‍ കൈപ്പിടിച്ചുനടത്തിയ
ഒരമ്മയോട്, മകന്
ഇത്രയല്ലയോ ചെയ്യാനൊക്കൂ.
സഹിച്ചും
ക്ഷമിച്ചും
സ്‌നേഹിച്ചും
മകനുവേണ്ടി ജീവിതം ഹോമിച്ച
ഒരമ്മയോട് മകന്
ഇത്രയല്ലയോ ചെയ്യാനൊക്കൂ
...... ....... .....

മകന്‍ കിടപ്പിലാണ്
ഒരിറ്റു വെള്ളം ഇറക്കാനാകാതെ
ചുടുകണ്ണീര്‍ പൊഴിച്ചുകൊണ്ട്
കുറ്റബോധത്തിന്റെ
നീര്‍ച്ചുഴിയില്‍ അകപ്പെട്ട്
അമ്മയെന്ന വിലപ്പെട്ട
വാക്കിന്റെ അര്‍ത്ഥം
പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട്.

എന്റെ സുഹൃത്തിന്

നിന്നെ ചുറ്റിവരിഞ്ഞുകിടക്കുന്ന
ആ സ്‌നേഹസ്പര്‍ശത്തിന്റെ ഗന്ധം എന്താണ്?
നീയൊന്നു സൂക്ഷിച്ചുനോക്കു..
ആ വളയത്തിനുചുറ്റും
ചെളിയുടെ ഗന്ധം
നിനക്കനുഭവപ്പെടുന്നില്ലേ?
വികാരതരളിതയായി നില്‍ക്കുന്ന
കാമുകിയുടെ ഗന്ധമാണോ
ഇപ്പോഴും അതിനുള്ളത്?
ആ സ്‌നേഹസ്പര്‍ശം
ഇനിയും നിനക്കുവേണ്ടി
ആരാധനാമുറി തുറക്കുമെന്ന് തോന്നുന്നുണ്ടോ?
ഇന്ന്,വരണ്ടുവിണ്ടുകീറി
പുഴുവരിക്കുന്ന ചുണ്ടില്‍നിന്നും
ഉതിര്‍ന്നുവീഴുന്നതാണോ സ്‌നേഹം?
ഈവിധം നീ പറയുന്നല്ലോ,
ഈ ഭയപ്പാടെന്തിന്?
ആ സ്‌നേഹസ്പര്‍ശം
നിന്റെ ചെറുവിരലിലെങ്കിലും
ഒതുങ്ങിക്കിടക്കട്ടെ,
വിടപറയാതെ.
ഊണിലും ഉറക്കത്തിലും
പേടിസ്വപ്‌നത്തിലും
വിഷം കുടിച്ച്
നീ ഉറങ്ങുമ്പോഴും
നിന്നെ തിരിച്ചറിയുന്ന
ഒരേയൊരു സുഹൃത്ത്
ആ സ്‌നേഹസ്പര്‍ശമായിരിക്കും
അത്, നിന്റെ ജീവിച്ചിരിക്കുന്ന
കാമുകിയുടെ സ്‌നേഹ-
സമ്മാനമാണെങ്കിലും സുഹൃത്തേ!