Monday, February 29, 2016

പ്രണയപാഠം

ഉഴുത് മറിച്ചിട്ടിട്ടുണ്ട്
വയലെന്നു വിളിക്കാവുന്നൊരു മനസ്
ഓർമ്മയിൽ  പൂത്തു നിൽക്കുന്നുണ്ട്
പ്രണയ പാടങ്ങൾ...
പാല പൂത്ത ഗന്ധമായിരുന്നു.
മയിൽപ്പീലി പേറ്റ് നോവായിരുന്നു.
ഉത്സവമേളമായിരുന്നു.
വരണ്ടുകിടക്കുന്ന
വർത്തമാനകാല പ്രണയ പാടങ്ങളെ
തിരുത്തി വായിക്കുന്നിപ്പോൾ
പ്രണയ പാഠങ്ങളെന്ന്.

Sunday, February 21, 2016

പൂക്കാതെ പോയ നീയെന്ന പ്രണയമരം...

നോവുന്നു ഞാൻ
നിന്‌റെയോർമ്മകളിൽ
മരണം പതച്ച്
ലഹരി പുതയ്ക്കുന്ന
ഈ രാവിൽ
നീയില്ലാ തുരുത്തിൽ
നിറമില്ലാ കനവിൽ
ധമനികളിലൂടെ
പാഞ്ഞ് പോകുന്ന
ആൽക്കഹോളിക് തന്മാത്രകളേക്കാൾ
ഉന്മാദിയാക്കുന്നു
പൂക്കാതെ പോയ
നീയെന്ന പ്രണയമരം

Monday, February 1, 2016

ഉറക്കച്ചടവ്

ഉറക്കം നഷ്ടപ്പെടുന്നവരുടെ
രാത്രികളേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ!!!
ചെരിഞ്ഞും മറിഞ്ഞും കിടന്ന്
ഉറക്കം വൈകിയോടുന്നൊരു
തീവണ്ടിയാണെന്ന് പഴിക്കും.
തടിക്കട്ടിൽ  പണ്ടെങ്ങോ
ഒരു കാടായിരുന്നെന്നും
ഇരുട്ടിനും ഏകാന്തതക്കും
ഒരേ നിറമാണെന്നും കരുതും.
വായ്ക്കോട്ട വരുന്നുണ്ടോയെന്ന്
ഇടക്കിടെ വാ പൊളിച്ച് നോക്കും
ഒന്നുമുതൽ  നൂറ് വരെയും
തൊണ്ണൂറ്റിയൊമ്പതുമുതൽ  ഒന്ന് വരെയും
തിരിച്ചും മറിച്ചും എണ്ണും.
സ്വയം ഒരു പാളമായി
ഉറക്കത്തിനോടിയെത്താൻ  പാകത്തിൽ 
നീണ്ട് നിവർന്നങ്ങനെ കിടക്കും .