Tuesday, November 17, 2015

അവൾ


പ്രണയങ്ങളുടെ മർമ്മരങ്ങളും
വ്യഥകളുടെ
വിട്ടകലാത്ത നിഴലുകളും
മുളപൊട്ടുന്ന
ഏകാന്തതയാണവൾ
കൂടെ നിൽക്കാൻ
കണ്ടുകൊണ്ടിരിക്കാൻ
സ്നേഹിക്കാൻ  സ്നേഹിക്കപ്പെടാൻ
ഉയിരിൽ നിന്നുമുള്ള
അഗാധമായ വാഞ്ഛയുള്ളവൾ
കാമത്തെ ആവാഹിക്കാനവൾക്കിഷ്ടം
പ്രണയം രതിയിലേയ്ക്ക്
വഴിമാറുന്നിടത്തുവെച്ച്
അവളിലെ അവൾ  ഉണരും.
സ്നേഹമില്ലാത്ത കാമം അവൾ  വെറുക്കും.
തൃഷ്ണ അവൾക്കൊരു
തടാകം പോലെയാണ്.
ഓളങ്ങളിൽ  അലയടിച്ച് തോണി പോലെ
അവളിലെ വികാരം
അണച്ചുകൊണ്ടേയിരിക്കും.
ഓളങ്ങൾ  ശാന്തമായി
നിശ്ചലമായൊരു തടാകം പോലെ അവൾ.
ചെറിയൊരു കാറ്റുവീശിയാൽ,
ഒരു മഴത്തുള്ളി നെറുകയിൽ  പതിച്ചാൽ,
ചിലനേരം ഒറ്റക്കിരുന്നാൽ,
ഒരു പൂവു ചൂടിയാൽ,
ഇടവഴിയിലൂടെയല്പ്പം നടന്നാൽ,
ഒരു പ്രിയമിത്രത്തെ കണ്ടാൽ,
അവൾ  പ്രകൃതിയാകും.
ഒന്നിനോടൊന്ന് ചേർന്ന്
കിടക്കുന്ന പ്രകൃതി.

Friday, November 13, 2015

ആരാധന

ആഴിപോൽ  കിടക്കുന്നു
എനിക്ക് നിന്നോടുള്ള ആരാധന
നിന്‌റെ വാത്സല്യം
ആഴിയും ലയിപ്പിക്കും
ഹൃദയഭാരം ബാക്കിവെച്ച്...

ഗുൽമോഹർ പൂക്കുമ്പോൾ

ഗുൽമോഹർ  പൂക്കുകയാണ്
കത്തിക്കാളുന്ന വേനലിൽ കുളിർമ്മയായ്
ഗുൽമോഹർ  പൂക്കുകയാണ്
നിന്‌റെ വിളിയൊച്ചകളിൽ
ചോരതൂവുന്ന പാതികൂമ്പിയ
കണ്‍പീലികളിൽ
എന്‌റെ മോഹങ്ങൾ  കോർത്ത്
ഗുൽമോഹർ  പൂക്കുകയാണ്
വാക്കുകൾകൊണ്ട്
മുറിവേൽക്കാതിരിക്കാൻ
മൗനം കൊണ്ട്
പൊതിഞ്ഞു വെയ്ക്കട്ടെ
മോഹങ്ങളത്രയും

രതി

നാഭിയിൽ  നിന്നും
പൊക്കിൾ ചുഴിയിലൂടെ
ഹൃദയഭിത്തിയിലേയ്‌ക്കൊരു
പ്രണയപ്രവാഹത്തിലൊരിക്കൽ
ഇടം ചെവിക്കുടയ്ക്കു
പിറകിലെ കറുത്തമറുക്
ഒരായിരമായിരമാവർത്തി
അമർത്തി ചുംബിച്ച
പാതിരാ നേരങ്ങള്‍...

Wednesday, November 11, 2015

വിശപ്പിൻറെ ഭൂപടം

വിശപ്പ് ഒരു രാഷ്ട്രമാണ്
ഭൂഖണ്ഡങ്ങളോളും പരന്നുകിടക്കുമത്.
ചേരികൾ  വിശപ്പിൻറെ
ദ്വീപുകളെന്ന് പറഞ്ഞു കൊണ്ട്
നഗരത്തിലെ ഷോപ്പിങ്ങ് മാളിൽ  നിന്നും
ഇറങ്ങുമ്പോൾ 
ചുളുങ്ങിയ രണ്ടു കൂപ്പ് കൈകൾ 
എന്നെത്തേടി വരുന്നു.
വിശപ്പിൻറെ  ആഗോള വ്യാപനത്തിൻറെ 
പരിഹാര സെമിനാറിൽ  ഹാളിൽ 
ഫ്രൈഡ്‌  ചിക്കൻറെ 
നഗ്ന തുടകൾ  നിരന്നിരിക്കുന്നു.
വിശപ്പിൻറെ  നിറമെന്താണെന്ന് 
ചോദിക്കുന്നവരോട്
വിശപ്പിനാൽ  ചുവന്ന പോയ 
തെരുവിലെ പെണ്ണ്
കറുപ്പ് നിറമെന്നുത്തരം പറയും.
വയറ്റിൽ  വിശപ്പിൻറെ
അണുവിസ്ഫോടനം നടക്കുമ്പോൾ
പുക്കിളിനുതാഴെ 
അടിപ്പാവാടയുടെ ചരട്
വല്ലാതെ മുറുകുമ്പോള്
ബീജവാഹകനുമുമ്പിൽ  
മാനം പണയം വെക്കുമ്പോൾ 
വിശപ്പിന് 
ചുവപ്പ് നിറമെന്ന് വരച്ചിടാം.
വിശപ്പിനുമാത്രമായി 
ഒരു ഭാഷ രൂപം കൊള്ളുന്നിടത്ത്
ദാരിദ്ര്യത്തിൻറെ  വ്യാകരണം
വിശപ്പിൻറെ  രാഷ്ടീയത്തെ നിർമ്മിക്കുന്നു.
വയനാടെന്നോ, സിറിയയെന്നോ,
നൈജീരിയയെന്നോ വ്യത്യസ്ഥപ്പെടാതെ
വിശപ്പ് ഒരു ആഗോള ഗ്രാമമാകുന്നു.
വിശന്നിട്ട് ചെരുപ്പ് തിന്നവനെ
കല്ലെറിഞ്ഞ കവി
തെരുവിൽ  വിശപ്പിൻറെ ദേവനാകുന്നു
മതവും, ജാതിയും, നിറവും,
ലിംഗവ്യത്യാസവുമില്ലാതെ
അടിവയറ്റിൽ  നിന്നും ഒരു കത്തൽ 
ഉടലിലേക്കൊരു ഭൂപടം വരച്ചിടും....
പകരം വെക്കാനൊന്നുമില്ലാത്ത
അതിനെ നാം മറ്റെന്തു പേരു വിളിക്കും.  


Sunday, November 8, 2015

വേനൽ മഴ

ഓർമ്മകൾ
ജനാലയാണെന്ന്
നിനച്ചിരിക്കുമ്പോഴാണ്
എന്നിലേക്ക് പെയ്യുന്നത്.
ജനലിൽ  വിരിച്ചിട്ട കർട്ടനിൽ 
ഒരു കാറ്റൊളിച്ചിരിപ്പുണ്ടോ
എന്നറിയാൻ  മാത്രം തുറക്കുന്ന
ഓരോ രാത്രിയിലും
കടലുകടന്നൊരു കാലം കയറിവരും
അമ്മയുടെ കണ്ണീരിൽ 
പൊതിഞ്ഞൊരുള ചോറ്,
വിറകൈയാൽ 
അച്ഛൻറെ  ചുംബനം...
പാടം മുറിച്ചു കടക്കുമ്പോൾ 
പാവാട നനയ്ക്കാൻ 
പെയ്യുന്നൊരു ചാറ്റൽ 
നിൻറെ  വിയർപ്പിൻ  കണംപോലെ
പുതുമണ്ണിൻ  മണമെന്നെ
മത്തുപിടിപ്പിക്കും.
ഉണങ്ങിയ മണ്ണിലേക്കും,
ഒഴുക്ക് നിലച്ച
ഉറവക്കണ്ണിയിലേക്കും,
വരണ്ട മനസ്സിലേക്കുമാണ്
ഇടക്കിടെ
ഓർമ്മത്തെറ്റുകൾ  പോലെ
പെയ്തൊഴിയുന്നത്.

(രിസാല സ്റ്റഡി സർക്കിൾ അബുദാബി
 പുരസ്‌ക്കാരത്തിന് അർഹമായ കവിത)