ഇന്നലെ രാത്രി ഞാന്‍ ഉറങ്ങിയില്ലമ്മേ
അച്ഛന് കൊടുത്തുവിട്ട
കൊച്ചുകടലാസുപെട്ടിയിലായിരുന്നു
എന്റെ മനസ്സ്
അച്ഛന്റെ കൈപുണ്യം കലര്‍ന്ന
നാരങ്ങ അച്ചാറിലായിരുന്നു
അതിലെ കാന്താരിയുടെ രുചിയിലായിരുന്നു
എന്റെ മനസ്സ്.
അമ്മേ, ഇന്നലെ രാത്രി ഞാന്‍ കരഞ്ഞുപോയമ്മേ
അച്ചാറിട്ട പ്ലാസ്റ്റിക് പാത്രം മണത്തുനോക്കി
നമ്മുടെ വീടിന്റെ ഗന്ധമായിരുന്നമ്മേ
അച്ഛന്റെ കൈയിന്റെ കാഠിന്യമായിരുന്നമ്മേ
അമ്മയെ വിളിച്ച് തേങ്ങിക്കരയുമ്പോള്‍
മറുതലയ്ക്കല്‍ നിശബ്ദത മറുപടി
......... ........... ............
പാതിരാത്രിയില്‍
ആ കൊച്ചുകടലാസുപെട്ടി
വെറുതെ മാറോടുചേര്‍ത്തപ്പോള്‍
അമ്മയുടെ കണ്ണീരിന്റെ നനവ് ഞാനറിഞ്ഞു
അച്ഛന്റെ ചോരയുടെ രുചി ഞാനറിഞ്ഞു
.......... ........... ...........
തന്നിഷ്ടത്തിന് വീടുവിട്ടതിനുശേഷം
വീട്ടില്‍നിന്നും അയച്ച മണിയോര്‍ഡറില്‍
ചേട്ടനെഴുതിയ രണ്ടുവാചകങ്ങളില്‍
ഞാനെന്റെ വേദനയിറക്കി
...നന്നായി പഠിക്കണം...
...വീട്ടില്‍ വേറെ വിശേഷം
ഒന്നും തന്നെയില്ല...
...എല്ലാവര്ക്കും സുഖം...
എന്ന് ചേട്ടന്
വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും
എനിക്കുശക്തിയും ആഹ്ലാദവും
സമ്മാനിക്കുന്നു മണിയോര്‍ഡറിലെ
ചേട്ടന്റെ വാക്കുകള്‍
എന്റെ ജീവിതമാണ് ആ പഴയ
കടലാസുകഷണത്തിന്റെ വില
......... ............. ...............
ഇണയെന്റെ ഭ്രാന്തമായ അവസ്ഥയെ
പുഞ്ചിരിയോടെ നേരിട്ടു
വാരിപ്പുണര്‍ന്ന് പാതിരാത്രിയുടെ
നോവിലേക്ക് മയങ്ങുമ്പോള്‍
പറമ്പിലെ കശുമാവും അലക്കുകല്ലും
ഉത്തരത്തില്‍ തൂങ്ങിയ
നാടിന്റെ ഗന്ധമുള്ള മാറാമ്പലും
ചെറിയ ഉച്ചവെയിലുമെല്ലാം
എന്നില്‍ ഈറനണിയിച്ചു.