Tuesday, December 21, 2010

നീയും ഞാനും

എനിക്ക് പറക്കാന്‍
രണ്ട് ചിറകുകള്‍ വേണം
നിന്റെ ഉടലിന്റെ
ആകാശത്തില്‍
ആയിരം ചിറകുകളുടെ
കരുത്തോടെ
ചിറകുകള്‍ കുഴയുമ്പോള്‍
എനിക്ക്
പറന്നുവന്നിരിക്കാന്‍
നിന്റെ ഉടലിന്റെ
വന്യതയിലെ
നിറയെ പൂക്കളുള്ള
കൊമ്പുകള്‍ വേണം
നീയുണരുമ്പോള്‍
എന്‍ അരണിയില്‍
നിന്നെ ഞാന്‍ ലയിപ്പിക്കും.
ഞാനും നീയും
ഏകാന്തസരണിയിലെ
ഗാനങ്ങള്‍പോലെ
കഴുകനെപോലെ
എന്റെ ചിറകുകള്‍
നീ കൊത്തിവലിക്കുമ്പോള്‍
എന്റെ ചിറകുകളില്‍
മഞ്ഞ് പൊഴിക്കുമ്പോള്‍
നിന്നിലേക്ക്
ഒരു തുപ്പുകൊടുത്ത്
ഞാന്‍ എഴുന്നേറ്റുനടക്കും
എല്ലാ നിയോഗങ്ങളും നിറവേറ്റി
നൈരാശ്യമില്ലാതെ പകയില്ലാതെ
പരിഭവവും പരാതിയുമില്ലാതെ.
നിന്റെ കരിനീലസമുദ്രത്തില്‍
മുങ്ങിമരിക്കുംമുമ്പേ.

9 comments:

Ranjith chemmad / ചെമ്മാടൻ said...

നല്ല കവിതകൾ
ആശംസകൾ......

Unknown said...

ഒരു തൂവല്‍ പക്ഷി ‍ പോല്‍
രണ്ടു ആത്മാക്കള്‍ ഒരു മെയ്യ്യായി നിറഞ്ഞു കവിഞ്ഞുയോഴുകി
നിന്റെ നഗ്ന മേനിയില്‍ ഒരു കീറതുണി പോല്‍
ഞാന്‍ പുതഞ്ഞതും ജീവിതം !!
നൂറു നൂറു വര്‍ഷങ്ങള്‍ ഒന്നായി ഒഴുകാം
ഒടുവിലത് രണ്ടായി ഒടുങ്ങുന്നതും കാത്തു തുഴയാം
ഒരു ജീവിതം !!!

K.P.Sukumaran said...

ആശംസകളോടെ,

Sidheek Thozhiyoor said...

നേന മോളുടെ ബ്ലോഗിലെ കാമ്മന്റില്‍ അവള്‍ എന്നെ കുറുച്ചു എഴുതിയതെടുത്തു പേസ്റ്റു ചെയ്തത്
കണ്ടാണ്‌ ഇങ്ങോട്ട് എത്തിയത് , പക്ഷെ താന്തോന്നി പെണ്ണിനെ കണ്ടപ്പോള്‍ ഞമ്മളീ വഴിക്ക് വന്നിട്ടില്ലേ എന്നും കരുതി
തിരിച്ചു പോയാലോ എന്ന് ഒരു നിമിഷം ശങ്കിച്ചു..പിന്നെ രണ്ടും കല്‍പ്പിച്ചു ഒന്നിവിടെ കൊട്ടീട്ടു പോവാമെന്നു വെച്ചു,
സംഗതി അതി ഗംഭീരം ...ഇനിയും വരാനായി ഫോളോ ചെയ്തു പോകുന്നു ... ആശംസകള്‍

Manoraj said...

കവിതക്കിടയിലെ ബ്രാക്കറ്റെഴുത്ത് എന്താണെന്ന് മനസ്സിലായില്ല. :)

എന്‍.ബി.സുരേഷ് said...

പ്രണയം പോലെ അനിശ്ചിതത്വവും അസംതൃപ്തിയും ആകുലതയും തരുന്ന വേറെന്തുണ്ട്.
എന്നാൽ പ്രണയം പോലെ മോഹിപ്പിക്കുന്ന വേറെന്താണുള്ളത്?

Mohamed Salahudheen said...

പ്രണയിക്കുംവരെ മിഥ്യയായിരിക്കട്ടെ അതും. നന്ദി

ജിതൻ said...

nalla kavitha....

വനിത വിനോദ് said...

കമന്റ്‌സ് തന്നവര്‍ക്കെല്ലാം വളരെ വൈകിയാണെങ്കിലും നന്ദി പറയുന്നു.എല്ലാവരുടെയും ബ്ലോഗിലെയും സന്ദര്‍ശകയാണ് ഞാന്‍. കമന്റിടാറില്ലെന്നുമാത്രം. ഒരു കമന്റ് കേള്‍ക്കുന്നത് സീരിയസ് ആയി എഴുതുന്നവരെയും തമാശയായി എഴുതുന്നവരെയും സംബന്ധിച്ച് വളരെ വിലപ്പെട്ടതാണെന്നറിയാം.