Saturday, December 25, 2010

നോവ്









ഇന്നലെ രാത്രി ഞാന്‍ ഉറങ്ങിയില്ലമ്മേ
അച്ഛന്‍ കൊടുത്തുവിട്ട
കൊച്ചുകടലാസുപെട്ടിയിലായിരുന്നു
എന്റെ മനസ്സ്
അച്ഛന്റെ കൈപുണ്യം കലര്‍ന്ന
നാരങ്ങ അച്ചാറിലായിരുന്നു
അതിലെ കാന്താരിയുടെ രുചിയിലായിരുന്നു
എന്റെ മനസ്സ്.
അമ്മേ, ഇന്നലെ രാത്രി ഞാന്‍ കരഞ്ഞുപോയമ്മേ
അച്ചാറിട്ട പ്ലാസ്റ്റിക് പാത്രം മണത്തുനോക്കി
നമ്മുടെ വീടിന്റെ ഗന്ധമായിരുന്നമ്മേ
അച്ഛന്റെ കൈയിന്റെ കാഠിന്യമായിരുന്നമ്മേ
അമ്മയെ വിളിച്ച് തേങ്ങിക്കരയുമ്പോള്‍
മറുതലയ്ക്കല്‍ നിശബ്ദത മറുപടി
......... ........... ............
പാതിരാത്രിയില്‍
ആ കൊച്ചുകടലാസുപെട്ടി
വെറുതെ മാറോടുചേര്‍ത്തപ്പോള്‍
അമ്മയുടെ കണ്ണീരിന്റെ നനവ് ഞാനറിഞ്ഞു
അച്ഛന്റെ ചോരയുടെ രുചി ഞാനറിഞ്ഞു
.......... ........... ...........
തന്നിഷ്ടത്തിന് വീടുവിട്ടതിനുശേഷം
വീട്ടില്‍നിന്നും അയച്ച മണിയോര്‍ഡറില്‍
ചേട്ടനെഴുതിയ രണ്ടുവാചകങ്ങളില്‍
ഞാനെന്റെ വേദനയിറക്കി
...നന്നായി പഠിക്കണം...
...വീട്ടില്‍ വേറെ വിശേഷം
ഒന്നും തന്നെയില്ല...
...എല്ലാവര്‍ക്കും സുഖം...
എന്ന് ചേട്ടന്‍

വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും
എനിക്കുശക്തിയും ആഹ്ലാദവും
സമ്മാനിക്കുന്നു മണിയോര്‍ഡറിലെ
ചേട്ടന്റെ വാക്കുകള്‍
എന്റെ ജീവിതമാണ് ആ പഴയ
കടലാസുകഷണത്തിന്റെ വില
......... ............. ...............
ഇണയെന്റെ ഭ്രാന്തമായ അവസ്ഥയെ
പുഞ്ചിരിയോടെ നേരിട്ടു
വാരിപ്പുണര്‍ന്ന് പാതിരാത്രിയുടെ
നോവിലേക്ക് മയങ്ങുമ്പോള്‍
പറമ്പിലെ കശുമാവും അലക്കുകല്ലും
ഉത്തരത്തില്‍ തൂങ്ങിയ
നാടിന്റെ ഗന്ധമുള്ള മാറാമ്പലും
ചെറിയ ഉച്ചവെയിലുമെല്ലാം
എന്നില്‍ ഈറനണിയിച്ചു.

18 comments:

Manoraj said...

നാടിനെ കുറിച്ചുള്ള ഓര്‍മ്മ സുഖമുള്ള ഒരു നോവാണ്. പക്ഷെ ഇവിടെ തന്നിഷ്ടത്തിന് വീടുവിട്ട ഒരാള്‍ക്ക് അത് അപ്ര്യാപ്യയായ ഒരു സ്വപ്നവും. വ്യത്യസ്തതയുണ്ട്.

പട്ടേപ്പാടം റാംജി said...

പലതരത്തിലുള്ള നോവുകളും മനസ്സിനെ നൊമ്പരപ്പെടുത്തി കടന്നുപോയ സൌന്ദര്യമുള്ള എഴുത്ത്. നമ്മുടെ വീടിന്റെ ഗന്ധമായിരുന്നമ്മേ എന്നൊക്കയുള്ള വരികള്‍ തൊണ്ടയില്‍ കിടികിടുപ്പ് വരുത്തി. അവാസാനം വരെയുള്ള ഓരോ വരികളും അതിസൂക്ഷമായി പകര്‍ത്തിയിരിക്കുന്നു. ഒത്തിരി ഇഷ്ടപ്പെട്ടു.
കൃസ്തുമസ് പുതുവത്സരാസംസകള്‍.

രാജേഷ്‌ ചിത്തിര said...

നൊമ്പരക്കൂട്ട്..

രമേശ്‌ അരൂര്‍ said...

വിനൂ..എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഈ വരികള്‍ ..വിനുവിന്റെ എല്ലാ രചനകളിലും ഗ്രാമീണ നിഷ്കളങ്കത പേറുന്ന കുറെ മനുഷ്യരുടെ
ഹൃദയങ്ങളും വാക്കുകളും ഉണ്ട് ,,അവരുടെ പയ്യാരം പറച്ചിലുകള്‍ ഉണ്ട് ...വിലാപങ്ങള്‍ ഉണ്ട് ..ആശംസകള്‍ ..

Unknown said...

അമ്മോട് പറയുന്ന രീതിലുള്ള കവിതകള്‍ വായിക്കമ്പോള്‍ എന്തു മനസ്സില്‍ അമ്മ വന്നു നിറയുന്നു ,,,,നന്ദി ter

SUJITH KAYYUR said...

Manassil oru tharam vedana

Unknown said...

കവിത നന്നായിരിക്കുന്നു.പുതുവത്സരാശംസകൾ

എന്‍.ബി.സുരേഷ് said...

കവിതയോളം ആഴമുള്ള നോവുകൾ. ഓർമ്മയോളം ദൂരമുള്ള ബന്ധങ്ങൾ
എത്ര അകന്നാലും അരികിലേക്ക് ചില കറ്റിനെ പറഞ്ഞു വിടുന്ന നാട്ടുമണങ്ങൾ.

ചിലതുണ്ടു കൂറുകൾ; പുഴ കടത്തീടിലും
തിരികെത്തുഴഞ്ഞു വാലാട്ടിവരുന്നവ
(സച്ചിദാനന്ദൻ-ചിലത്)

Gopakumar V S (ഗോപന്‍ ) said...

വളരെ നന്നായിരിക്കുന്നു... നൊമ്പരങ്ങള്‍...

ആശംസകള്‍

Mohamed Salahudheen said...

ചെറുപ്പം അത്രമേലുലയ്ക്കുന്ന വര്ത്തമാനമാണെന്റേതും. നന്ദി, ഈ നോവിപ്പിക്കലിന്.

Unknown said...

എന്റെ കയ്യിലുമുണ്ട് ഇതേപോലൊന്ന്
ഞാനുമതെടുത്ത് പോസ്റ്റും ;)

കുഞ്ഞൂസ് (Kunjuss) said...

ഓരോ വരികളും ഹൃദയത്തില്‍ നോവായിപ്പടര്‍ന്നത്, ഒരേ വീഥിയിലൂടെ സഞ്ചരിക്കുന്നതിനാലാവുമോ?ഒരേ വേദനകള്‍ അനുഭവിക്കുന്നതിനാലാവുമോ?‌

mukthaRionism said...

പറമ്പിലെ കശുമാവും അലക്കുകല്ലും
ഉത്തരത്തില്‍ തൂങ്ങിയ
നാടിന്റെ ഗന്ധമുള്ള മാറാമ്പലും
ചെറിയ ഉച്ചവെയിലുമെല്ലാം
എന്നില്‍ ഈറനണിയിച്ചു.

കൊള്ളാം വരികളെല്ലാം.
കവിത തന്നെ...

മഹേഷ്‌ വിജയന്‍ said...

ഒരുപാട് ഇഷ്ടപ്പെട്ടു..

joshy pulikkootil said...

നല്ല അര്‍ഥമുള്ള വരികള്‍ .. ഭാവുകങ്ങള്‍ .
സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗും വായിക്കണേ ...

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഇണയെന്റെ ഭ്രാന്തമായ അവസ്ഥയെപുഞ്ചിരിയോടെ നേരിട്ടുവാരിപ്പുണര്‍ന്ന് പാതിരാത്രിയുടെ നോവിലേക്ക് മയങ്ങുമ്പോള്‍പറമ്പിലെ കശുമാവും അലക്കുകല്ലുംഉത്തരത്തില്‍ തൂങ്ങിയ നാടിന്റെ ഗന്ധമുള്ള മാറാമ്പലുംചെറിയ ഉച്ചവെയിലുമെല്ലാം എന്നില്‍ ഈറനണിയിച്ചു.....

കേരളത്തിന്റെ മനോഹരതീരത്തുനിന്നും ഇപ്പൊ തിരിച്ചെത്തിയതേ ഉള്ളൂ..
എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍!!

പട്ടേപ്പാടം റാംജി said...

പുതിയ പോസ്റ്റുകളൊന്നും കണ്ടില്ലല്ലോ.

വനിത വിനോദ് said...

ഒരുപാട് നാള്ക്കുശേഷമാണ് ബ്ലോഗ് തുറക്കുന്നത്. അതുപോലെ ഒരുപാട് നാളുകള്ക്കുശേഷം എഴുതാനുള്ള ആഗ്രഹവും മനസ്സില് മുളപൊട്ടുന്നു. അത് കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് ഞാന് വായിച്ചുതീര്ത്ത ഷെമിയുടെ 639 പേജുകളുള്ള നടവഴിയിലെ നേരുകളുടെ സ്വാധീനമാകാം. സുഹൃത്തുക്കളുടെ നിരവധി കമന്‌റുകള് അഭിപ്രായങ്ങള് ഇപ്പോളാണ് ഞാന് വായിക്കുന്നത്. വളരെ നന്ദിയുണ്ട്. ഇനി ഞാന് നിങ്ങളോടൊപ്പം വരുന്നു. എല്ലാവരും ഇപ്പോഴും സജീവമാണോ