Sunday, January 3, 2016

സാജിതയുടെ ഓർമ്മ പുതുക്കൽ

മേടപ്പൊന്നണിയും കൊന്ന പൂക്കണിയായ്...പീലിക്കാവുകളിൽ താലപ്പൂപൊലിയായ്...
ഫെയ്‌സ്ബുക്കിൽ  സാജിത അൻവറിന്‌റെ മംഗ്ലീഷിലുള്ള മെസ്സേജ്.

കുറേനേരം  ഞാനത് അത്ര ഗൗനിച്ചില്ല. വീണ്ടും എടിയേ എന്നുള്ള നിരന്തരമെസേജുകൾ.
ഈ പെണ്ണിനിത് എന്തിന്‌റെ കേടാവോ.

ആ പറയേടാ....റിപ്ലെ.

''എടീ നീ വല്ല്യ ബുജി ലുക്കായല്ലോ...നിനക്കോർമ്മയുണ്ടോ മണിത്തറ സ്‌കൂളിലെ നമ്മുടെ രണ്ടാം ബെഞ്ച്''

അയ്യേ... എന്നു ഞാൻ.

''അതെന്താ രണ്ടാം ബെഞ്ച് അത്ര മോശം ബെഞ്ചാണോ എന്ന് സാജിത.''

അതല്ലടാ...നീ പറയൂ ഓർമ്മകൾ. ഞാൻ  എഴുതാം.

''ങേ...നീ അപ്പോ എഴുത്തും തുടങ്ങിയോ''

പോടീ

''എന്നാ നമ്മുടെ ഓർമ്മകളെല്ലാം ഞാൻ  പറയാം. എന്‌റേയും പേരു ചേർത്ത്
നീ എഴുതുമോ ഹ ഹ ഹ''  സാജിതയുടെ ചിരി.

എന്തൊരു അട്ടഹാസം ഈ പെണ്ണിന്.

''എന്നേം നാലാള് അറിയട്ടെ. നമ്മൾ  ഡാൻസ്  പഠിച്ചത്. സെലക്ഷൻ  കിട്ടി. പക്ഷെ സ്‌കൂളിന്‌റെ പരിമിതി. കുറച്ച്‌പേരെ മാത്രം ഡാൻസിനെടുത്തു. അതിൽ  തൊലിവെളുപ്പുള്ള ഉമ വി ശങ്കർ  മാത്രം കളിച്ചു. നമ്മൾ  പിണങ്ങി മാറിനിന്നു. ഉച്ചയ്ക്ക് സബ്രജില്ല കഴിക്കാറുള്ളത് ഓർക്കുന്നോ. 50 പൈസയ്ക്ക് പകുതി. 1 രൂപയ്ക്ക് മുഴുവൻ. ഏറ്റവും നല്ല കാലം എന്നുതോന്നാം. എന്നാലും ശപിക്കപ്പെട്ട നാളുകളായിരുന്നു ആ ദിനങ്ങൾ''.

ഇവളെന്തായീ ഉദ്ദേശിക്കുന്നത്.

''എന്തായാലും ദുബായ് വന്നാൽ  ഉറപ്പായും കാണണംട്ടാ''.

ഓക്കെ ഡാ. ഞാനതങ്ങ് അവസാനിപ്പിച്ചു.

സാജിത അൻവർ  എന്‌റെ സ്‌കൂൾ സഹപാഠിയാണ്. സഹപാഠിയെന്നാൽ ഏഴാം തരം വരെ പാട്ടിലും ഡാൻസിലും പഠിത്തത്തിലും(പഠിത്തത്തിൽ എന്നുള്ളത് ഒരു ആലങ്കാരികതയ്ക്കുവേണ്ടി പറഞ്ഞെന്നു മാത്രം) ഒപ്പംകൂടിയവൾ. കഥപറയാനും സൊറ പറയാനും ഒപ്പം കൂടിയവൾ. ഏറെക്കാലത്തോളം സാജിതയെന്ന ചിത്രം ജീവിതത്തിൽ  മറന്നേപോയിരുന്നു. പ്രവാസജീവിതം നയിക്കാൻ  തുടങ്ങിയതോടെ ചില പഴയ സൗഹൃദങ്ങൾ പുതുക്കി. അങ്ങിനെ വീണ്ടും ഞങ്ങൾ  പഴയ ചങ്ങാതിമാരായിമാറി.

(പഴയതൊങ്ങും അങ്ങിനെ ഓർത്തുവെയ്ക്കാൻ  ശ്രമിക്കാറില്ല. മധുരതരമായ ഓർമ്മകളെക്കാൾ  മറ്റുപലതിനുമാണല്ലോ മനുഷ്യമനസ്സിൽ  മുൻഗണന. അതുകൊണ്ടാകണം സ്‌കൂൾ   കാലയളവിലെ സുഹൃത്തുക്കൾ  എന്തെങ്കിലും ഓർമ്മകളുമായി എത്തിയാൽ  അവരെ ആട്ടിപ്പായിക്കുന്നത് എന്‌റെയൊരു ശീലമായിരിക്കുന്നു).

No comments: