Saturday, January 16, 2016

അതിസുന്ദരിയാണ് എന്‌റെ അമ്മ

പ്രപഞ്ചത്തോളം വലിപ്പമുള്ള സ്നേഹത്തിനെ
ഒറ്റവാക്കിൽ  പറയാൻ  ഞാൻ  തിരഞ്ഞടുക്കുക അമ്മ എന്നാണ്.
ഓർക്കുമ്പൊഴേ ഒരു നിറവാണ്...
നെഞ്ചിനുള്ളിൽ  ഒരു പിടച്ചിലാണ്.
കാണാതാകുന്നതിൻറെ  വേവലാതിയാണ്.
എങ്കിലും ഒരു ഉൾബലമായി, ശാന്ത സാന്നിധ്യമായി ഒപ്പമുണ്ട്.
വരണ്ട ഭൂമിയിൽ  തണലുകളില്ലാത്ത ഇടങ്ങളിൽ 
അപരിചിത വഴികളിലൂടെ ജീവിതം നീങ്ങുമ്പോൾ 
കരുത്തും, താങ്ങുമാണ് അമ്മ.

ഓർമ്മകളിലേക്ക് മടങ്ങുമ്പോൾ,
മുട്ടോളമുള്ള മുടിപിന്നി, റബർബാന്റിട്ട്, വലിയ പൊട്ടുതൊട്ട്,
കരിമഷിയെഴുതിയ ഒരു സുന്ദര രൂപം എന്നിൽ  തെളിയാറുണ്ട്.
അമ്മയുടെ പ്രണയകാലത്തെക്കുറിച്ച് ചോദിക്കുമ്പോൾ 
ആ കവിളുകൾ തുടുക്കുന്നതും, കുഴിഞ്ഞ കണ്ണുകളിൽ
നക്ഷത്രം ചിമ്മുന്നതും ആശ്ചര്യത്തോടെ ഞാൻ  നോക്കി നിന്നിട്ടുമുണ്ട്.

സമൂഹവും ബന്ധുക്കളും പലവിധത്തിൽ അപമാനിച്ചപ്പോഴും
മക്കളെ നെഞ്ചോട്ചേർത്ത് കൂരയ്ക്കുള്ളിൽ സുരക്ഷിതത്വം ഒരുക്കി.
അമ്മയൊരു നഴ്സ് ആയിരുന്നു.
അമ്മയുടെ കാരുണ്യമനസ്സിന് ചേരുന്നൊരു ജോലി.
എല്ലാ നഴ്സുമാരും ഇന്നും എനിക്ക് മാലാഖമാരായി തീർന്നത്
അമ്മ പഠിപ്പിച്ച പാഠങ്ങളിലൂടെയായിരുന്നു.

ഒരിക്കൽപോലും മനസ്സുതുറന്ന് ചിരിച്ചോ, ഭക്ഷണം കഴിച്ചോ കണ്ടിട്ടില്ല .
ഓരോ തരി പൊന്നുണ്ടാക്കി അമ്മ സൂക്ഷിക്കും.
അമ്മ പിശുക്കിയാണെന്ന് ഞങ്ങൾ എപ്പോഴും പറയുമായിരുന്നു.
പിണങ്ങാനും ഇണങ്ങാനും അമ്മയോളം കഴിവ്
ഈ ലോകത്ത് മറ്റാർക്കും ഇല്ലെന്നാണ് എന്റെ വിശ്വാസം.

അമ്മയുടെ ഹൃദയവാൽവിന് പ്രശ്നങ്ങളുണ്ടെന്ന് അറിയാമായിരുന്നിട്ടും
അമ്മയെകൊണ്ട് ഭാരിച്ച ജോലികൾ ചെയ്യിച്ച എന്റെ ചെറുപ്പകാലം
ഇന്നെന്നെ വല്ലാതെ നോവിക്കുന്നുണ്ട്.
വിവാഹിതയായി തിരിയ്ക്കുമ്പോൾ അമ്മ തേങ്ങുന്നത് കണ്ടു.
അമ്മയുടെ ഭാഷയിൽ ''നീ അങ്ങ് ഏഴ് കടലിനും അപ്പുറമല്ലേ.
എങ്ങിനാ ഒന്ന് കാണാ. എങ്ങിനാ എന്റെ മുത്തേ നിന്നെയൊന്ന് തൊടാ''.
അമ്മയ്ക്ക് പരിഭവമാണ്.

തലച്ചോറിലേയ്ക്കുള്ള രക്തം കട്ടപിടിക്കും വരെ
അതിസുന്ദരിയായിരുന്നു എന്റെ അമ്മ.
നാലു വർഷങ്ങൾക്ക്മുമ്പ് സ്ട്രോക്ക് വന്നതോടെ അമ്മയുടെ ഓട്ടം നിന്നു.
ഏറെ കാലമായി മൗനത്തിലായിരുന്നു.
ശ്വാസനാളവും, അന്നനാളവും കുടലുകളും മനസും കത്തിയെരിയുന്നത്രേ.
മക്കളെ വളർത്തി വലുതാക്കിയപ്പോഴേക്കും
ആ നിർവൃതി കരിഞ്ഞുതീരുന്നു.
പ്രപഞ്ചത്തോളം വലിപ്പമുള്ള ആ രണ്ടക്ഷരം.


1 comment:

Bipin said...

അമ്മയെ കുറിച്ചുള്ള ഓർമ എന്നും മധുരമാണ്.അമ്മയ്ക്ക് വേണ്ടി ചെയ്യേണ്ടത് ചെയ്തില്ല എന്നുള്ള നൊമ്പരവും. രണ്ടും നന്നായി പറഞ്ഞു.