Sunday, January 24, 2016

പട്ടിണിയായ മനുഷ്യാ
നീ പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണ് നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ
വിഖ്യാതനായ ജർമ്മൻ നാടകകൃത്തും സംവിധായകനും കവിയുമായ ബ്രത്തോൾഡ്ബ്രത്തിന്റെ പ്രശസ്തമായ വരികളാണിത്.

മനസ്സിനും ആത്മാവിനുമുള്ള ഭക്ഷണമാണ് വായന. കുമാരനാശാൻ, വള്ളത്തോൾ, അയ്യപ്പപണിക്കർ, ബഷീർ, ഉറൂബ്, .വി.വിജയൻ, വികെഎൻ, മാധവികുട്ടിഅങ്ങനെ മലയാളത്തിനു എഴുത്തിലൂടെ സുകൃതം പകർന്നവർ  നിരവധി.

''വായിച്ചാൽ  വളരും, വായിച്ചില്ലെങ്കിലും വളരും...
വായിച്ചാൽ  വിളയും, വായിച്ചില്ലെങ്കിൽ  വളയും
കുഞ്ഞുണ്ണിമാഷിന്റെ വരികൾ  ഒരോർമ്മക്കുറിപ്പായി നമുക്ക് ചുറ്റുമുണ്ട്.

സ്വാമി വിവേകാനന്ദനൊരിക്കൽ  ഒരു ഓപ്പറേഷനു വിധേയനാവേണ്ടിവന്നപ്പോൾ  ഡോക്ടറോടു ഒരു പുസ്തകം ആവശ്യപ്പെട്ടു
ദേഹം കീറിമുറിക്കുന്നതിനു മുമ്പ് വേദന അറിയാതിരിക്കാനുള്ള  കുത്തിവെപ്പിനു പകരമാണത്രേ പുസ്തകം
ഓപ്പറേഷൻ  കഴിഞ്ഞതും വായന പൂർത്തിയാക്കി ചെറു പുഞ്ചിരിയോടെ അദ്ദേഹം പുസ്തകം മടക്കിവെച്ചു. ഏകാഗ്രമായ വായനക്കിടയിൽ  വേദന അദ്ദേഹം അറിഞ്ഞതേയില്ലെന്ന് സാരം.
വിവേകാനന്ദൻറെ  ഏകാഗ്രതയെക്കുറിച്ചു പറയുന്ന കഥയാണിത്
ഒരിക്കൽ, ലൈബ്രറിയിൽ  പുസ്തകങ്ങളെടുത്ത് ഓരോ പേജും വെറുതെ മറിച്ചുനോക്കി തിരികെ വെയ്ക്കുന്ന സ്വാമി വിവേകാനന്ദനോട്  ഒരാൾ  ചോദിച്ചു: ‘നിങ്ങൾ  എന്താണ് ഓരോ പുസ്തകവും ഇങ്ങനെ മറിച്ചുനോക്കുന്നത്? ഇതിൽ  കാണാൻ  ചിത്രങ്ങളൊന്നും ഇല്ലല്ലോ?
അപ്പോൾ  വിവേകാനന്ദൻ  പുസ്തകത്തിലെ വരികൾ  അയാൾക്ക്  പറഞ്ഞുകൊടുത്തത്രെ.

പ്രശസ്ത ഇംഗ്ളീഷ് ചിന്തകനും, രാഷ്ട്രതന്ത്രജ്ഞനും, ശാസ്ത്രജ്ഞനും, എഴുത്തുകാരനും, നിയമപണ്ഡിതനും, ശാസ്ത്രീയരീതിയുടെ ഉപജ്ഞാതാവുമായ ഫ്രാൻസിസ് ബേക്കൺ പറയുന്നത് ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടവയും ചിലത് വിഴുങ്ങേണ്ടതും, അപൂർവ്വം ചിലത് ചവച്ചരച്ച് ദഹിപ്പിക്കേണ്ടതുമാണ് എന്നാണ്. വായനയും ഇങ്ങനെയാണ്. ഒറ്റ വായന, ആവർത്തിച്ചുള്ള വായന, ഗാഢമായ വായന.
കാഴ്ച്ചകൾക്കപ്പുറത്തേയ്ക്ക് നൈൽ  നദിയുടെ സൗന്ദര്യം പോലും പുസ്തക വായനയിലൂടെ മാത്രമേ അനുഭവിക്കാനാകൂ. അതുകൊണ്ടാണ് പുസ്തകങ്ങൾ അക്ഷയമായ ഭക്ഷണമാകുന്നത്

വായന മനുഷ്യനെ പൂർണ്ണനാക്കുന്നു. അറിവു പകരുന്നതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നുനോവലുകൾ, ചെറുകഥകൾ, ജീവചരിത്രങ്ങൾ, ആത്മകഥകൾ,ശാസ്ത്രഗ്രന്ഥങ്ങൾ, സഞ്ചാരസാഹിത്യം, മറ്റുഭാഷകളിലെ സാഹിത്യസൃഷ്ടികൾ തുടങ്ങിയവ ഭക്ഷണം പോലെ തന്നെ മനുഷ്യന്റെ അറിവിന് ആരോഗ്യം നൽകുന്നതാണ്
യു ഇയെ സംബന്ധിച്ചിടത്തോളം വിജ്ഞാനത്തിന്റെ നാഴികക്കല്ലാണ് 2016. നിരവധി രാജ്യാന്തരപുസ്തകമേളകളിലൂടെ ലോകത്തിന്റെ സാഹിത്യഭൂപടത്തിൽ പ്രത്യേക സ്ഥാനം നേടിയ യുഎഇ 2016 വായനാ വർഷമായി ആചരിക്കുകയാണ്. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം അറിവിന്റെയും സംസ്കാരത്തിന്റെയും  ആഗോള തലസ്ഥാനമെന്ന പദവി ഉറപ്പാക്കുകയാണ് യുഎഇ.   ബൗദ്ധിക-ശാസ്ത്ര-ഗവേഷണ മേഖലകളിൽ കഴിവുറ്റ പ്രതിഭകൾ ഉണ്ടാവുന്നതിന് പുതുതലമുറ വായനയുടെ പ്രാധാന്യം  അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ് ദീർഘവീക്ഷണത്തോടെയാണ് ഭരണാധികാരികളുടെ തീരുമാനം. കുട്ടികൾക്കൊപ്പമിരുന്ന് വായിക്കാനായി മാതാപിതാക്കൾ സമയം നീക്കി വയ്ക്കണമെന്ന് ഭരണാധികാരികൾ ജനങ്ങൾക്ക്  നിർദ്ദേശം നൽകിയിട്ടുണ്ട്.

വായനവർഷാചരണത്തിന്റെ ഭാഗമായി വിവിധ വിഭാഗങ്ങൾ വ്യത്യസ്തങ്ങളായ പരിപാടികൾക്ക് രൂപം നൽകിക്കഴിഞ്ഞു. തടവുകാർക്കിടയിൽ വായനയുടെ സന്ദേശമെത്തിക്കാനാണ് അബുദാബി പോലീസിന്റെ തീരുമാനം
പല ഭാഷകളിലെ പുസ്തകങ്ങൾ ശേഖരിച്ച് അവ തടവുകാർക്ക് വായിക്കാനായി നൽകും. 'യുഎഇ വായിക്കുന്നു' (UAE Reads) എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്നാണ് ദേശീയ മാധ്യമ കൗൺസിൽ ഉദ്യമത്തിൽ പങ്കാളികളാകുന്നത്. അക്കൗണ്ടിൽ വായനയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാൻ പൊതുജനങ്ങൾക്ക് അവസരവും  ഉണ്ടായിരിക്കും

പുതിയ സിദ്ധാന്തങ്ങളും ചുറ്റുമുള്ള മാറ്റങ്ങളും അറിയുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം വായനയാണ്വായനയുടെ പ്രാധാന്യം കുറഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വരും തലമുറയുടെ  സാംസ്കാരിക ഉന്നമനത്തിന് ഇത്തരം നീക്കങ്ങൾ ഉപകാരപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വായനയില്ലാതെ ഒരു രാജ്യമോ അവിടുത്തെ ജനതയോ അഭിവൃദ്ധിപ്പെടില്ല. ഭാവിയില്‍ രാജ്യത്തെ നയിക്കാനുള്ള ശാസ്ത്രജ്ഞരും ഗവേഷകരും മറ്റിടങ്ങളില്‍ നിന്നും വരേണ്ടി വരില്ല. 

വായനയോടുള്ള താല്‍പ്പര്യവും വിജ്ഞാനത്തോടുള്ള അഭിനിവേശവും അടിത്തറയാക്കി പുതുതലമുറയെ വാര്‍ത്തെടുക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്‌റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല്‍ മക്തൂം ട്വിറ്റര്‍ സന്ദേശത്തിലൂടെ നമ്മെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.

2016  യുഎഇ വായനാ വർഷമായി ആചരിക്കുമ്പോൾ, രാജ്യത്തോടൊപ്പം നമ്മുടെ പ്രവാസ എഴുത്തുകാരും അതിരറ്റ ആഹ്ലാദത്തിലാണ്. മനുഷ്യന്റെ ഉൽപ്പത്തി മുതൽ  തുടങ്ങുന്നതാണ് പ്രവാസ ചരിത്രവും. ഗൾഫ്  രാജ്യങ്ങളിലേയ്ക്കുള്ള മലയാളിയുടെ കുടിയേറ്റം അറുപതുകളുടെ മധ്യേ ആണ് ആരംഭിച്ചത്. മരുഭൂമിയോട് മല്ലിട്ട് ജീവിതം കെട്ടിപ്പൊക്കുന്നതിനിടയിൽ  സ്വന്തം കലയും സാഹിത്യവുമെല്ലാം പ്രിയപ്പെട്ടവർക്കായി മാറ്റിവെച്ചു. പിന്നീട് 1975 കാലഘട്ടത്തിലാണ് യുഎഇയിൽ  മലയാളസാഹിത്യ പ്രവർത്തനങ്ങൾക്ക്  തുടക്കമാകുന്നത്. ഭാഷയുടെ വർത്തമാനകാലത്തിൽ  മലയാളഭാഷാ സാഹിത്യത്തെ  സമ്പന്നമാക്കുന്നത് പ്രവാസികളാണ് എന്നകാര്യത്തിൽ  സംശയമില്ല.
ഇന്ന്, മാതൃഭാഷയെ സ്നേഹിക്കാൻ  മടിക്കുന്ന ഒരു സമൂഹത്തോടൊപ്പമാണ് അതിസൂക്ഷ്മമായ നമ്മുടെ സഞ്ചാരം. അതുകൊണ്ടുതന്നെ ഭാഷയുടെ നിലനിൽപ്പിനെ പറ്റി ചിന്തിക്കാൻ  വായനാവര്‍ഷം അവസരമൊരുക്കട്ടെ.

വായിക്കാനാരുമില്ലെങ്കില്‍
എനിക്ക് എഴുതാന്‍ സാധ്യമല്ല.
ഇത് ചുംബനം പോലെയാണ്
ഒറ്റയ്ക്ക് ചെയ്യാന്‍ സാധ്യമല്ല. (ജോണ്‍ ചീവര്‍)
  …………………………………..

2 comments:

സുധി അറയ്ക്കൽ said...

കൊള്ളാം.കുറേ നല്ല വിവരങ്ങൾ കിട്ടി.നന്ദി!!!!

സമാധാനം said...

പട്ടിണിയായ മനുഷ്യാ ആയുധം കയ്യിലെടുത്തോളൂ എന്നത് പുനലൂർ ബാലന്റെ പരിഭാഷയല്ലേ ?