Sunday, August 23, 2015

പാൽമിറ
















ഞാൻ  പാൽമിറയുടെ  കാവൽകാരി.
ഖാലിദ് നിൻറെ  ചോരകൊണ്ടവർ
ചരിത്രം വരച്ചിടും.
തലച്ചോറുകൽ
പൊട്ടിച്ചിതറും വരെ
പ്രഹരിച്ചാലും, ഡമാസ്കസിലേക്ക്
ഓടിപ്പോകില്ല എന്നറിഞ്ഞുകൊണ്ട്
ഞാൻ
കഴിഞ്ഞ രാത്രി നിന്നെ
വിളിച്ചുകൊണ്ടേയിരുന്നു.
റിംഗ് ടോണുകൾ  ചുവരിൽ  തട്ടി
പ്രകമ്പനം കൊള്ളിച്ചപ്പോൾ
പ്രാണൻ  പിടയുകയായിരുന്നോ....
ഖാലിദ്
ഒരു രാത്രി അവർ  എന്നെത്തേടി വരും.
എൻറെ  മാറിടം അഫ്ഗാനിസ്ഥാനിലെ
ശില്പങ്ങൽ  പോലെ ഉടയും,
കണ്ണുകൾ  സിറിയയിലെ
തെരുവ് വിളക്കിൽ  നിന്ന് കത്തും.
കണ്ണില്ലാത്ത   നീതിക്കുമുമ്പിൽ
നാം കണ്ണടച്ചു നിൽക്കും.
നിൻറെ   നിശ്വാസങ്ങൾ  
പാൽമിറയുടെ
പ്രാണനുവേണ്ടി കേഴും.
നഗ്നബന്ധങ്ങളിൽ  
ആയിരമായിരം സൂചിമുനകൾ  കുത്തി
ഒറ്റുകാരെന്ന് കുറിച്ചിടും.
വിഗ്രഹഭഞ്ജകർ  എന്ന്
സ്വയം ആശ്വസിച്ച്
പുതിയ ചരിത്രം നിർമ്മിക്കും.
പാൽമിറയുടെ ഒരോ ഇടങ്ങളിലും
നിൻറെ  ചോര
ഉണങ്ങി കറുത്ത് ഉരുണ്ട്കൂടും.
തലയില്ലാത്ത നമ്മുടെ ഉടലുകൾ
ശ്മശാനഭൂവിൽ  
കെട്ടിപ്പുണർന്ന്  കിടക്കും.

No comments: